സൈബര്‍ ആക്രമണത്തില്‍ മോചനദ്രവ്യം: ലോകത്തെ ഏറ്റവും വലിയ മാംസ വിതരണ ഭീമന്‍ നല്‍കിയത് 1.4 കോടി യു.എസ് ഡോളര്‍

ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകളൊന്നും പുറത്താകില്ലെന്ന് ഉറപ്പുവരുത്താനുമാണ് പണം നല്‍കിയതെന്ന് കമ്പനി അറിയിച്ചു
 | 
CYBER ATTACK
അഞ്ച് ദിവസം കമ്പനി സ്തതംഭിച്ചതോടെ ഓസ്ട്രേലിയയിലും യു.എസിലും മാംസ വിതരണത്തില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു

അഞ്ച് ദിവസത്തോളം തുടര്‍ന്ന സൈബര്‍ ആക്രമണം അവസാനിപ്പിക്കാന്‍ ലോകത്തെ ഏറ്റവും വലിയ മാംസ വിതരണ കമ്പനിയായ ജെ.ബി.എസ്. ഫുഡ്‌സ്, മോചനദ്രവ്യമായി നല്‍കിയത് ഒരു കോടി 42 ലക്ഷം യു.എസ് ഡോളറിന് (1,03,76,98,370 ഇന്ത്യന്‍ രൂപ) തുല്യമായ തുക. ബിറ്റ്‌കോയിനായാണ് കമ്പനി സൈബര്‍ ക്രിമിനല്‍ സംഘത്തിന് മോചനദ്രവ്യം നല്‍കിയത്.

ഒന്നരലക്ഷത്തിലധികം ജീവനക്കാരുള്ള ബ്രസീല്‍ കമ്പനിയായ ജെ.ബി.എസിന്റെ ഓസ്‌ട്രേലിയ, അമേരിക്ക, കാനഡ എന്നിവിടങ്ങളിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനമാണ് സൈബര്‍ ആക്രമണത്തെതുടര്‍ന്ന് നിര്‍ത്തിവച്ചത്. സെര്‍വറുകളെ ആക്രമണം ബാധിച്ചതോടെ ഉല്‍പാദനം സ്തംഭിച്ചു. പാക്കേജിങ്, ബില്ലിങ് ഉള്‍പ്പെടെ ജെ.ബി.എസിന്റെ പ്രവര്‍ത്തനങ്ങള്‍ യന്ത്രവല്‍കൃതമാണ്. ഇവ നിയന്ത്രിക്കുന്ന സോഫ്റ്റ്വെയറിലാണു വൈറസ് കടന്നുകൂടിയത്.

ആക്രമണവുമായി ബന്ധപ്പെട്ടുള്ള പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാനും ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകളൊന്നും പുറത്താകില്ലെന്ന് ഉറപ്പുവരുത്താനുമാണ് പണം നല്‍കിയതെന്ന് കമ്പനി അറിയിച്ചു

അഞ്ച് ദിവസം കമ്പനി സ്തതംഭിച്ചതോടെ ഓസ്ട്രേലിയയിലും യു.എസിലും മാംസ വിതരണത്തില്‍ വലിയ തിരിച്ചടി നേരിട്ടിരുന്നു. യു.എസിലെ മൊത്തം കന്നുകാലി, പന്നി മാംസത്തിന്റെ നാലിലൊന്ന് നിയന്ത്രിക്കുന്നത് ജെ.ബി.എസ് കമ്പനിയാണ്. പ്രതിസന്ധിയെതുടര്‍ന്ന് കമ്പനിയുടെ ചില പ്ലാന്റുകളിലെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും കര്‍ഷകരില്‍നിന്നു കന്നുകാലികളെ വാങ്ങുന്നത് നിര്‍ത്തിവയ്ക്കുകയും ചെയ്തു.