2032-ലെ ഒളിമ്പിക്സിന് ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്ബന്‍ ആതിഥേയത്വം വഹിക്കും

മെല്‍ബണിനും സിഡ്നിക്കും ശേഷം ഒളിമ്പിക്സിന് വേദിയാവുന്ന മൂന്നാമത്തെ ഓസ്ട്രേലിയന്‍ നഗരമാണ് ബ്രിസ്ബന്‍
 | 
olympics
2032-ലെ ഒളിമ്പിക്സിന് ഓസ്‌ട്രേലിയന്‍ നഗരമായ ബ്രിസ്ബന്‍ ആതിഥേയത്വം വഹിക്കും. 35-മത് ഒളിമ്പിക്സ് മത്സരങ്ങള്‍ ബ്രിസ്ബനില്‍ നടക്കുമെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക്ക് അല്‍പസമയം മുന്‍പ് അറിയിച്ചു. രാജ്യാന്തര ഒളിമ്പിക്സ് സമിതി അംഗങ്ങള്‍ യോഗം ചേര്‍ന്ന് നടത്തിയ വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മെല്‍ബണിനും സിഡ്നിക്കും ശേഷം ഒളിമ്പിക്സിന് വേദിയാവുന്ന മൂന്നാമത്തെ ഓസ്ട്രേലിയന്‍ നഗരമാണ് ബ്രിസ്ബന്‍. ഒളിമ്പിക്സ് കമ്മിറ്റിയുടെ പ്രഖ്യാപനത്തെ കരഘോഷങ്ങളോടെയാണ് ചടങ്ങില്‍ പങ്കെടുത്ത ബ്രിസ്ബന്‍ പ്രതിനിധികള്‍ വരവേറ്റത്. പ്രഖ്യാപനം വന്നയുടനെ ബ്രിസ്ബന്‍ നഗരത്തില്‍ ആകാശത്ത് വെടിക്കെട്ടാഘോഷങ്ങള്‍ നടന്നു. എതിരാളികളില്ലാതൊയണ് ബ്രിസ്ബന്‍ 32 -മത് ഒളിമ്പിക്സിന് വേദിയായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ, ജൂണില്‍ ചേര്‍ന്ന 15 അംഗ ഒളിമ്പിക്സ് എക്സിക്യുട്ടീവ് സമിതി 2032 ഒളിമ്പിക്സിനായി ബ്രിസ്ബനെ ഒരേസ്വരത്തില്‍ നാമനിര്‍ദ്ദേശം ചെയ്യുകയായിരുന്നു.

പ്രഖ്യാപനത്തെത്തുടര്‍ന്ന്, ക്വീന്‍സ് ലാന്‍ഡ് പ്രീമിയര്‍ അന്നസ്‌തേഷ്യ പലാസ്‌ക്യൂക്, ബ്രിസ്‌ബേന്‍ ലോര്‍ഡ് മേയര്‍ അഡ്രിയാന്‍ ഷ്രിന്നര്‍, ഓസ്‌ട്രേലിയന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ജോണ്‍ കോട്ട്‌സ് എന്നിവര്‍ ഒളിമ്പിക്‌സ് കരാറില്‍ ഒപ്പിട്ടു.ഇതിനു മുന്‍പ് രണ്ടു തവണയാണ് ഓസ്ട്രേലിയ ഒളിമ്പിക്സ് മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ളത്. 1956 -ല്‍ മെല്‍ബണും 2000 -ത്തില്‍ സിഡ്നിയും ഒളിമ്പിക്സിനെ വരവേറ്റിരുന്നു. ഇന്ത്യ, ഇന്തോനേഷ്യ, ഖത്തര്‍, സ്പെയിന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് ഓസ്ട്രേലിയ്ക്കു പുറമേ വേദികള്‍ക്കായി മത്സര രംഗത്തുണ്ടായിരുന്നത്.