ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 48 -ാം പിറന്നാള്‍

 | 
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 48 -ാം പിറന്നാള്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് 48 -ാം പിറന്നാള്‍.ക്രിക്കറ്റ് ലോകവും ലോകമെമ്പാടുമുള്ള ആരാധകരും പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചു.കോവിഡ്-19 ബാധിച്ച ശേഷം വിശ്രമത്തില്‍ കഴിയുന്ന അദ്ദേഹം എത്രയും വേഗം മികച്ച ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും ആരാധകര്‍ ആശംസിക്കുന്നു.ബിസിസിഐയും മുംബൈ ഇന്ത്യന്‍സും അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു.

ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളാണ് സച്ചിന്‍. 1973 ഏപ്രില്‍ 24-ന് മുംബൈയിലായിരുന്നു സച്ചിന്റെ ജനനം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറു ശതകങ്ങള്‍ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിന്‍. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സച്ചിന്‍ തന്റെ 14-ാമത്തെ വയസിലാണ് ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുന്നത്.

2012 ഡിസംബർ 23-ന് സച്ചിൻ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.രാജ്യത്തെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണ് സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008-ൽ സച്ചിൻ നേടുകയുണ്ടായി.