വിദേശ താരങ്ങള്‍ക്ക് തുക നൽകിയില്ല ;ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും വിലക്ക് ഏർപ്പെടുത്തി ഫിഫ

ബ്ലാസ്റ്റേഴ്സ് ശമ്ബളകുടിശിക വരുത്തി എന്ന് കാണിച്ച്‌ മുൻ താരം മത്തേജ് പൊപ്പ്ലാട്ട്നിക്ക് നൽകിയ പരാതിയെതുടർന്നാണ് ഫിഫ ബ്ലാസ്റ്റേഴ്സിനെതിരെ ബാൻ ഏർപ്പെടുത്തിയത് .
 | 
BLASTERS

കൊച്ചി:  കേരളാ ബ്ലാസ്റ്റേഴ്സിന് ഫിഫ ട്രാൻസ്ഫർ ബാൻ ഏർപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് ശമ്ബളകുടിശിക വരുത്തി എന്ന് കാണിച്ച്‌ മുൻ താരം മത്തേജ് പൊപ്പ്ലാട്ട്നിക്ക് നൽകിയ പരാതിയെതുടർന്നാണ് ഫിഫ ബ്ലാസ്റ്റേഴ്സിനെതിരെ ബാൻ ഏർപ്പെടുത്തിയത് .

പൊപ്പ്ലാട്ട്നിക്കിന് നൽകാനുള്ള ശമ്ബളകുടിശിക നൽകിയാൽ ഫിഫ ബ്ലാസ്റ്റേഴ്സിനു മേലുള്ള നടപടികൾ നിർത്തി വയ്ക്കും.നിരോധനം ഉള്ളിടത്തോളം കാലം ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെയോ സപ്പോർട്ട് സ്റ്റാഫിനെയോ ടീമിൽ എത്തിക്കുവാൻ സാധിക്കുകയില്ല. 

ശമ്ബളകുടിശിക പോലുള്ള കാര്യങ്ങളിൽ ക്ലബ് കുടിശിക വരുത്തിയാൽ താരങ്ങൾക്ക് ഫിഫയെ സമീപിക്കാവുന്നതാണ്. താരങ്ങൾക്കു നൽകുവാനുള്ള പണം കൊടുത്തു തീർക്കാതെ ആ ക്ലബിന് പുതിയ കളിക്കാരെ ടീമിൽ എത്തിക്കുവാൻ സാധിക്കില്ല. ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഐഎസ്‌എല്ലിലെ തന്നെ മറ്റൊരു ക്ലബായ ഈസ്റ്റ് ബംഗാളിനെതിരെയും സമാന നടപടി ഫിഫ എടുത്തിട്ടുണ്ട്. വിദേശ താരം ജോണി അക്കോസ്റ്റയാണ് ഈസ്റ്റ് ബംഗാളിനെതിരെ പരാതി നൽകിയത്.