ഛേത്രി രക്ഷകനായി: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ വിജയം

ഇരട്ട ഗോളുമായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മത്സരത്തില്‍ തിളങ്ങി.
 | 
india

ദോഹ: 2022 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ആദ്യ വിജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പ്പിച്ചത്. ഇരട്ട ഗോളുമായി ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മത്സരത്തില്‍ തിളങ്ങി. ആദ്യ പകുതിയില്‍ ബംഗ്ലാദേശ് പ്രതിരോധത്തെ ഭേദിക്കാന്‍ കഴിയാതിരുന്ന ഇന്ത്യയെ രണ്ടാം പകുതിയില്‍ സുനില്‍ ഛേത്രി രക്ഷിക്കുകയായിരുന്നു.

അറ്റാക്കിങ് ലൈനപ്പുമായി കളിച്ച ഇന്ത്യ തുടക്കം മുതല്‍ ആക്രമണ ഫുട്‌ബോളാണ് കാഴ്ച്ചവെച്ചത്. 79-ാം മിനിറ്റില്‍ സുനില്‍ ഛേത്രി ഇന്ത്യക്ക് ലീഡ് നല്‍കി. മലയാളി താരം ആഷിഖ് കുരുണിയന്റെ ക്രോസില്‍ ഹെഡ് ചെയ്ത ഛേത്രിക്ക് പിഴച്ചില്ല.

ഇന്ത്യന്‍ ജഴ്‌സിയില്‍ ക്യാപ്റ്റന്‍ ഛേത്രിയുടെ 73-ാം ഗോള്‍. പിന്നീട് 92-ാം മിനിറ്റില്‍ ഛേത്രിയുടെ രണ്ടാം ഗോളെത്തി. വിജയത്തോടെ ഇന്ത്യ ആറു പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാമതെത്തി. അവസാന മത്സരത്തില്‍ അഫ്ഗാനിസ്താനാണ് എതിരാളികള്‍. അതും വിജയിക്കാനായാല്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത ഉറപ്പിക്കാനാകും.