ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം

വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്ത്.
 | 
ചെന്നൈ സൂപ്പര്‍ കിങ്‌സിന്‌ ഏഴ്‌ വിക്കറ്റ്‌ ജയം

ന്യൂഡല്‍ഹി: സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത് ഐപിഎല്ലില്‍ തുടര്‍ച്ചയായ അഞ്ചാം വിജയവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഒന്‍പത് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിനാണ് ചെന്നൈ വിജയം പിടിച്ചത്. 172 റണ്‍സ് വിജയ ലക്ഷ്യം ധോണിയുടെ സംഘം അനായാസം മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.

129 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ഓപ്പണര്‍മാരാണ് ചെന്നൈയ്ക്ക് അനായാസ വിജയമൊരുക്കിയത്. റുതുരാജ് ഗെയ്ക്ക്‌വാദ് 44 പന്തില്‍ 75 റണ്‍സെടുത്തപ്പോള്‍ ഫാഫ് ഡുപ്ലെസി 38 പന്തില്‍ 56 റണ്‍സുമായി അടിച്ചു തകര്‍ത്തു. ഗെയ്ക്ക്‌വാദിന്റെ ബാറ്റില്‍ നിന്ന് 12 ഫോറുകള്‍ പിറന്നപ്പോള്‍ ഡുപ്ലെസിസ് ആറ് ഫോറും ഒരു സിക്‌സും അടിച്ചു.
പിന്നീട് മോയിന്‍ അലിയും രവീന്ദ്ര ജഡേജയും സുരേഷ് റെയ്‌നയും ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. എട്ടു പന്തില്‍ 15 റണ്‍സോടെ മോയിന്‍ അലി പുറത്തായി. 15 പന്തില്‍ 17 റണ്‍സുമായി റെയ്‌നയും ആറ് പന്തില്‍ ഏഴ് റണ്‍സോടെ ജഡേജയും പുറത്താകാതെ നിന്നു.വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം സ്ഥാനത്ത്.