ഇത് കാലത്തിന്റെ കാവ്യ നീതി ; കോപ്പയിൽ മുത്തമിട്ട് അര്ജന്റീന  

1993നുശേഷം അര്‍ജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്.
 | 
ARGENTINA

ഫുട്ബോള്‍ ലോകം കാത്തിരുന്ന സ്വപ്ന ഫൈനലില്‍ ബ്രസീലിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോല്‍പ്പിച്ച്‌ കോപ്പ അമേരിക്ക കിരീടം അര്‍ജന്റീന സ്വന്തമാക്കി. നായകന്‍ മെസി തന്റെ ഫുട്ബോള്‍ കരിയറില്‍ ആദ്യമായി സ്വന്തമാക്കുന്ന കിരീടമെന്ന പ്രത്യകത കൂടിയുണ്ട് ഇതിന്.

മത്സരത്തിന്റെ തുടക്കത്തിലും രണ്ടാം പകുതിയിലെ കൂടുതല്‍ സമയവും കളിയുടെ നിയന്ത്രണം ബ്രസീലിനായിരുന്നു എങ്കിലും ​ഗോള്‍ നേടാന്‍ മാത്രം മഞ്ഞപ്പടയ്ക്ക് സാധിച്ചില്ല. അത്യന്തം ആവേശകരമായ മത്സരത്തില്‍ പരുക്കന്‍ അടവുകള്‍ ഇരുടീമുകളും പുറത്ത് എടുത്തതോടെ റഫറിക്ക് നിരവധി തവണ മഞ്ഞക്കാര്‍ഡുകള്‍ ഉയര്‍ത്തേണ്ടി വന്നു.

രണ്ടാം പകുതിയില്‍ അലകടലായെത്തിയ ബ്രസീല്‍ ആക്രമണങ്ങളെ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ നേതൃത്വത്തില്‍ വിജയകരമായി പ്രതിരോധിച്ചാണ് അര്‍ജന്റീന കിരീടം തൊട്ടത്.കിക്കോഫ് മുതല്‍ ആവേശത്തിനൊപ്പം പലപ്പോഴും പരുക്കനായും മാറിയ മത്സരത്തിലാണ് എയ്ഞ്ചല്‍ ഡി മരിയയുടെ തകര്‍പ്പന്‍ ഗോള്‍ ഫലം നിര്‍ണയിച്ചത്. 1993നുശേഷം അര്‍ജന്റീന നേടുന്ന ആദ്യത്തെ പ്രധാന കിരീടമാണിത്.

1916ല്‍ തുടക്കമായ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ 15-ാം കിരീടവുമായി യുറഗ്വായുടെ പേരിലുള്ള റെക്കോര്‍ഡിനൊപ്പമെത്താനും അര്‍ജന്റീനയ്ക്കായി.ആദ്യ മിനിറ്റു മുതല്‍ പരുക്കന്‍ സ്വഭാവത്തിലേക്കു മാറിയ കലാശപ്പോരാട്ടത്തില്‍ ബ്രസീല്‍ പ്രതിരോധത്തിന്റെ പിഴവില്‍നിന്നാണ് എയ്ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്.