കുവൈത്ത് അമീറായി ശൈഖ് നവാഫ് ചുമതലയേറ്റു

കുവൈത്ത് അമീറായി ശൈഖ് നവാഫ് ചുമതലയേറ്റു

കുവൈത്തിന്റെ പതിനാറാമത് അമീറായി ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് അധികാരമേറ്റു. മുൻ അമീർ ഷൈഖ്‌ സബാഹ്‌ അൽ അഹമദ്‌ അൽ സബാഹ് അന്തരിച്ചതിനെ തുടര്‍ന്നാണ്‌ പുതിയ അമീര്‍ ചുമതലയേറ്റത്. ഗൾഫ് മേഖലയിലും ലോക രാജ്യങ്ങൾക്കിടയിലും സമാധാനവും ഐക്യവും നിലനിർത്തുന്നതിന് പൂർവികരുടെ പാത പിന്തുടരുമെന്ന് അമീർ ശൈഖ് നവാഫ് പറഞ്ഞു.

ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ഭരണഘടനാപരമായ ചില അധികാരങ്ങൾ അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അല്ല അഹ്മദ് അസ്സ്വബാഹ് കിരീടാവകാശിക്ക് കൈമാറിയിരുന്നു. അമീറിന്‍റെ വിയോഗ വാർത്ത സ്ഥിരീകരിച്ച ഉടൻ മന്ത്രിസഭ പ്രത്യേകയോഗം ചേർന്ന് ഭരണസാരഥ്യം ഏറ്റെടുക്കാൻ ഷെയ്ഖ് നവാഫിനോട് ആവശ്യപ്പെടുകയായിരുന്നു. 

കിരീടാവകാശിയെന്ന നിലയിൽ 14 വർഷത്തിലേറെ അമീർ ശൈഖ് സബാഹിന്റെ നിഴലായി പ്രവര്‍ത്തിച്ചയാളാണ് ശൈഖ് നവാഫ്. 2006 ഫെബ്രുവരി 20-നാണ് ശൈഖ് നവാഫ് കിരീടാവകാശി ആയി അധികാരത്തിലെത്തുന്നത്. 2003-ൽ ഉപ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് അദ്ദേഹം 2006-ൽ കിരീടാവകാശിയായത്.