യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത്‌ യുവതി കൊല്ലപ്പെട്ടു

യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം; ദളിത്‌ യുവതി കൊല്ലപ്പെട്ടു

ഉത്തർ പ്രദേശിലെ ബൽറാംപൂരിൽ പീഡനത്തിന് ഇരയായ ദലിത് യുവതി മരിച്ചു. പ്രതികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹഥ്രാസ് പീഡനത്തിന്റെ നടുക്കം മാറും മുൻപാണ് യു.പി യിൽ നിന്നും ദലിത് യുവതിക്ക് നേരെയുള്ള അതി ക്രൂര പീഡനത്തിന്റ മറ്റൊരു വാര്‍ത്ത പുറത്തു വരുന്നത്.

സംഭവുമായി ബന്ധപ്പെട്ട് ഷാഹിദ്, സാഹിൽ എന്നീ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തിൽ പെൺകുട്ടിയുടെ ഇരുകാലുകളും ഇടുപ്പും തകർന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ അത്തരം പരിക്കുകൾ കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. അക്രമികൾ പെൺകുട്ടിയിൽ വിഷം കുത്തിവച്ചെന്നും പോലീസ് പറയുന്നു.

ചോര വാർന്ന നിലയിൽ വീട്ടിലെത്തിയ യുവതിയെ പ്രാദേശിക ഡോക്ടറുടെ നിർദേശ പ്രകാരം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പ്രതികളുമായി പെണ്‍കുട്ടി നല്ല സൗഹൃദത്തില്‍ ആയിരുന്നുവെന്നും, പ്രതികള്‍ അത് മുതലെടുത്ത്‌ പീഡിപ്പിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. കേസിന്റെ അന്വേഷണ ചുമതല അഡീഷണല്‍ എസ്.പി ലെവല്‍ ഉദ്യോഗസ്ഥന് കൈമാറും.