പരിഷ്കരിച്ച പുതിയ ടിവിഎസ് അപ്പാച്ചെ RR310!

പരിഷ്കരിച്ച പുതിയ ടിവിഎസ് അപ്പാച്ചെ  RR310!

പരിഷ്‌കരിച്ച ടിവിഎസ് അപ്പാച്ചെ RR310 സ്‌പോര്‍ട്‌സ് ബൈക്ക് വിപണിയിലെത്തി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടന്‍  മഹേന്ദ്ര സിങ് ധോണിയാണ് ബൈക്കിന്റെ ആദ്യ യൂണിറ്റ് സ്വന്തമാക്കിരിക്കുന്നത്. സ്ലിപ്പര്‍ ക്ലച്ചും ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് പുതിയ അപ്പാച്ചെ RR310 -ന് ലഭിച്ച മാറ്റങ്ങളില്‍ പ്രധാനം. മുന്‍ മോഡലിനെക്കാളും 3,000 രൂപ വില വര്‍ധിച്ചിട്ടുണ്ട് ഈ സ്‌പോര്‍ട്‌സ് ബൈക്കിന്.

ദില്ലി എക്‌സ്‌ഷോറൂം വില കണക്കാക്കിയാല്‍ 2.27 ലക്ഷം രൂപയാണ് പരിഷ്‌കരിച്ച അപ്പാച്ചെ RR310 -ന് വില. മുന്‍ തലമുറ അപ്പാച്ചെ RR310 -ലും പുതിയ സ്ലിപ്പര്‍ ക്ലച്ച് ഘടിപ്പിക്കാമെന്ന സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്.ഡീലര്‍ഷിപ്പില്‍ ചെന്നാല്‍ മുന്‍ മോഡലില്‍ സ്ലിപ്പര്‍ ക്ലച്ച് ഘടിപ്പിക്കാമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ ലഭ്യമായ റേസിംഗ് റെഡ്, മാറ്റ് ബ്ലാക്ക് എന്നീ നിറപ്പതിപ്പുകള്‍ കൂടാതെ ഗ്ലോസ്സ് ബ്ലാക്ക് എന്ന പുതിയൊരു നിറപ്പതിപ്പ് കൂടി പുതിയ അപ്പാച്ചെ RR310 -ല്‍ കമ്പനി അവതരിപ്പിച്ചു.

 നിലവിലെ 313 സിസി ഒറ്റ സിലിണ്ടര്‍ നാല് സ്‌ട്രോക്ക് എഞ്ചിന്‍ തന്നെ പുതിയ അപ്പാച്ചെ RR310 -ലും കമ്പനി തുടരും.
ലിക്വിഡ് കൂളിംഗ്, ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്നീ സംവിധാനങ്ങളും എഞ്ചിനിലുണ്ട്. 34 bhp കരുത്തും 28 Nm torque ഉം ആയിരിക്കും എഞ്ചിന്‍ പരമാവധി കുറിക്കുക.നിയന്ത്രണ മികവ് പാലിക്കാനായി റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് ശൈലിയാണ് എഞ്ചിന്‍ പിന്തുടരുന്നത്. മുന്നില്‍ അപ്പ് സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പുറകില്‍ മോണോഷോക്ക് അബ്‌സോര്‍ബറും സസ്‌പെന്‍ഷന്‍ നിറവേറ്റും.

ഇരു വീലുകളിലും ഡിസ്‌ക്ക് ബ്രേക്കുകളുണ്ട്. ട്യൂബ്‌ലെസ്സ് ടയറുകളും ഇരട്ട ചാനല്‍ എബിഎസുമാണ് ബൈക്കിലെ മറ്റൊരു സവിശേഷത.ട്രെല്ലിസ് ഫ്രെയിമാണ് പുതിയ അപ്പാച്ചെ RR310 -നുള്ളത്. 300 സിസി ബൈക്കാണെങ്കിലും കാഴ്ചയില്‍ 600 സിസി ബൈക്കികളെ വെല്ലുന്ന രീതിയിലാണ് ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.ടിവിഎസ് മോട്ടോര്‍സിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലായത് കൊണ്ട് തന്നെ നിര്‍മ്മാണത്തിലെ മികവ് ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. വിപണിയില്‍ കെടിഎം RC 390, കവസാക്കി നിഞ്ച 300, എന്നീ ബൈക്കുകളോടായിരിക്കും പുതിയ ടിവിഎസ് അപ്പാച്ചെ RR310 മത്സരിക്കുക.