കമ്പനി പറയുന്ന മൈലേജ് നിങ്ങളുടെ വാഹനത്തിന് കിട്ടുന്നുണ്ടോ?

കമ്പനി പറയുന്ന മൈലേജ് നിങ്ങളുടെ വാഹനത്തിന് കിട്ടുന്നുണ്ടോ?

വാഹനം മാത്രം വിചാരിച്ചാല്‍ പോര, റോഡും ഡ്രൈവറും എല്ലാം വിചാരിച്ചെങ്കില്‍ മാത്രമേ മികച്ച മൈലേജ് ലഭിക്കുകയുള്ളൂ. മൈലേജ് കുറയാതെ നോക്കാൻ എന്തൊക്കെ ചെയ്യുന്നുണ്ടെന്നു ചോദിച്ചാൽ കണ്ണു മിഴിക്കും.ഇരുചക്ര വാഹനങ്ങളുടെ മികച്ച മൈലേജ് ഉറപ്പാക്കാൻ വലിയ പണച്ചെലവില്ല. വേണ്ടത് അൽപം ശ്രദ്ധ മാത്രം. 

കാറില്‍ മൈലേജ് കൂട്ടാനുള്ള ചില എളുപ്പവഴികള്‍ :

ഒരല്‍പം ശ്രദ്ധിച്ചാല്‍ കാറില്‍ ഭേദപ്പെട്ട ഇന്ധനക്ഷമത നേടാന്‍ എളുപ്പം സാധിക്കും. മെച്ചപ്പെട്ട ഇന്ധനക്ഷമത കൈവരിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1.ഡ്രൈവിംഗ് ശൈലിയാണ് ഇന്ധനക്ഷമതയെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകം. പൊടുന്നനെ വേഗത വര്‍ധിപ്പിക്കുക, ശക്തമായി ബ്രേക്ക് പ്രയോഗിക്കുക, തീരെ പതിയെ ഓടിക്കുക മുതലായ രീതികള്‍ ഇന്ധനക്ഷമത കുറയ്ക്കും.

2.മണിക്കൂറില്‍ 60-80 കിലോമീറ്റര്‍ വേഗതയിലാണ് മിക്ക കാറുകളും മികച്ച ഇന്ധനക്ഷമത കാഴ്ചവെക്കുന്നത്. തിരക്കേറിയ നിരത്തില്‍ സ്ഥിരത പുലര്‍ത്താന്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്

3.ഡ്രൈവിംഗില്‍ അനാവശ്യമായി ക്ലച്ചിന് മേല്‍ കാലമര്‍ത്തുന്നതും ഇന്ധനക്ഷമതയെ ബാധിക്കും. അനാവശ്യമായി ക്ലച്ച് അമര്‍ത്തുമ്പോള്‍ എഞ്ചിന്‍ കരുത്ത് പാഴായി പോവുകയാണ്.ഈ രീതി പതിവെങ്കില്‍ ഇന്ധനക്ഷമത ഗണ്യമായി കുറയും. ഒപ്പം ക്ലച്ചിന്റെ തേയ്മാനവും അതിവേഗം സംഭവിക്കും. ഗിയര്‍ മാറാനുള്ള സന്ദര്‍ഭത്തില്‍ മാത്രം ക്ലച്ചിന് മേല്‍ കാല്‍ പ്രയോഗിക്കുന്നതാണ് ഉത്തമം.

4.മുപ്പത് സെക്കന്‍ഡിലേറെ കാത്തുനില്‍ക്കേണ്ട സാഹചര്യത്തില്‍ കാർ പ്രവർത്തിപ്പിച്ച് നിർത്താതെ എഞ്ചിന്‍ ഓഫ് ചെയ്യേണ്ടതും ഇന്ധനക്ഷമതയ്ക്ക് അനിവാര്യമാണ്.അതേസമയം പത്തോ ഇരുപതോ സെക്കന്‍ഡുകള്‍ കാത്ത് നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ എഞ്ചിന്‍ ഓഫ് ചെയ്യാതിരിക്കുന്നതാണ് ഉത്തമം. കാരണം എഞ്ചിന്‍ ഓഫ് ചെയ്ത് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ ഇന്ധനം ഉപയോഗിക്കപ്പെടും.

5.ഉയര്‍ന്ന ഗിയറില്‍ കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുമെന്നതിനാല്‍ താഴ്ന്ന ഗിയറുകള്‍ ഉപയോഗിക്കാന്‍ പലരും മടിച്ച് നില്‍ക്കാറുണ്ട്. സ്പീഡ് ബ്രേക്കറുകള്‍ വന്നാല്‍ പോലും ഗിയര്‍ ഡൗണ്‍ഷിഫ്റ്റ് ചെയ്യാന്‍ ചിലര്‍ തയ്യാറാകില്ല.

ഈ പതിവ് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കാണ് വഴിതെളിക്കുക. ഉയര്‍ന്ന ഗിയറുകള്‍ക്ക് എഞ്ചിന്‍ ടോര്‍ഖ് കുറവായിരിക്കും. ആവശ്യമായ സന്ദര്‍ഭത്തില്‍ ഉയര്‍ന്ന ടോര്‍ഖ് ലഭിക്കുന്ന താഴ്ന്ന ഗിയറുകളിലേക്ക് മാറേണ്ടത് ഗിയര്‍ബോക്‌സിന്റെ നിലനില്‍പിനും അനിവാര്യമാണ്.

ലളിതമായി പറഞ്ഞാല്‍ എഞ്ചിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താതെ ആവശ്യമായ ഗിയറിലേക്ക് എത്രയും പെട്ടെന്ന് മാറുന്നതാണ് ശരിയായ നടപടി. കാറില്‍ 1500-2000 ആര്‍പിഎമ്മിന് ഇടയില്‍ ഗിയര്‍മാറാന്‍ എപ്പോഴും ശ്രദ്ധിക്കുക.

6.സ്ഥിരതയാര്‍ന്ന വേഗതയില്‍ കൂടുതല്‍ ഇന്ധനക്ഷമത കൈവരിക്കാന്‍ കാറിന് സാധിക്കും. ദേശീയ പാത പോലുള്ള തുറന്ന റോഡുകളില്‍ സ്ഥിരതയാർന്ന വേഗത പുലര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.

7.ഉയര്‍ന്ന വേഗതയില്‍ വിന്‍ഡോ താഴ്ത്തിയാണ് ഡ്രൈവ് ചെയ്യുന്നതെങ്കില്‍ കാറില്‍ വായു പ്രതിരോധം (Aerodynamic Drag) വര്‍ധിക്കും. അതായത് കാറ്റിനെ മുറിച്ചു കടക്കാനുള്ള കാറിന്റെ ശേഷി കുറയും.നൂറ് കിലോമീറ്റര്‍ വേഗതയ്ക്ക് മേലെ സഞ്ചരിക്കുമ്പോള്‍ വിന്‍ഡോ താഴ്ത്തി എസി ഉപയോഗിക്കുന്നതാണ് ഉത്തമം. കാറില്‍ ക്ലൈമറ്റ് കണ്‍ട്രോളുണ്ടെങ്കില്‍ ‘ലോ ബ്ലോവര്‍’ മോഡില്‍ എസി പ്രവര്‍ത്തിപ്പിക്കുന്നത് ഇന്ധനചെലവ് കുറയ്ക്കും.

8.നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന തോതില്‍ ടയര്‍ സമ്മര്‍ദ്ദം നിലനിര്‍ത്തുക. കൃത്യമായ ടയര്‍ സമ്മര്‍ദ്ദമെങ്കില്‍ മൂന്ന് ശതമാനം വരെ കാറിൽ ഇന്ധനക്ഷമത വര്‍ധിക്കും

ഒപ്പം അലോയ് വീലുകളോട് കൂടിയ പെര്‍ഫോര്‍മന്‍സ് ടയറുകളാണ് കാറില്‍ ഉപയോഗിക്കുന്നതെങ്കില്‍ ദീര്‍ഘദൂര യാത്രകളില്‍ സാധാരണ ടയറുകളിലേക്ക് മാറുന്നത് ഉത്തമമായിരിക്കും.

9.കാര്‍ കൃത്യമായ ഇടവേളകളില്‍ സര്‍വീസ് ചെയ്യുന്നതും ഇന്ധനക്ഷമതയെ സ്വാധീനിക്കും. കാറിന്റെ എയര്‍ ഫില്‍ട്ടര്‍, ഫ്യൂവല്‍ ഫില്‍ട്ടര്‍, സ്പാര്‍ക്ക് പ്ലഗ് എന്നിവ കൃത്യമായി പരിശോധിക്കണം.

കൂടാതെ കാറിന്റെ ഓക്‌സിജന്‍ സെന്‍സര്‍ 60,000 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ പരിശോധിക്കേണ്ടതും അനിവാര്യമാണ്. എഞ്ചിനില്‍ ആവശ്യമായ ഓക്‌സിജന്‍ അനുപാതമുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ഓക്‌സിജന്‍ സെന്‍സറുകളുടെ ദൗത്യം.

10.എഞ്ചിനില്‍ കൃത്യമായ അളവില്‍ ഓക്‌സിജനില്ലെങ്കില്‍ ഇന്ധനം പൂര്‍ണമായി കത്തില്ല. ഇത് ഇന്ധനക്ഷമത കുറയ്ക്കും.

ബൈക്കിന് മികച്ച മൈലേജ് നിലനിർത്താൻ പതിവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ: 

1.എൻജിൻ ഓയിൽ കൃത്യമായ ഇടവേളകളിൽ മാറ്റണം. എത്ര കിലോമീറ്ററാണ് ഓയിലിന്റെ കാലാവധി എന്നു ചോദിച്ചു മനസ്സിലാക്കി അതനുസരിച്ചു വേണം ഓയിൽ മാറാൻ. എൻജിനിലെ ഓയിൽ ചോർച്ച കണ്ടില്ലെന്നു നടിച്ചാൽ അതു മൈലേജിനെ ബാധിക്കും. വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലെ ലൂബ്രിക്കേഷനും പ്രധാനപ്പെട്ടതാണ്. മഴക്കാലത്ത് ചെയിനിലെയും മറ്റും ലൂബ്രിക്കന്റ് വേഗത്തിൽ നഷ്ടമാകുമെന്നതിനാൽ രണ്ടാഴ്ചയിലൊരിക്കൽ പരിശോധിക്കുന്നതു നന്നായിരിക്കും.

2. ബൈക്കിനു പുറംമോടി മാത്രം പോരാ, അകവും നന്നായിരിക്കണം. കൃത്യമായ ഇടവേളകളിൽ വാഹനം സർവീസ് ചെയ്യിക്കണം. വിദഗ്ധനായ ഒരു മെക്കാനിക്കിനെക്കൊണ്ട് വാഹനത്തിന്റെ എൻജിൻ ട്യൂൺ ചെയ്യിക്കണം. ബൈക്കിനു സാധാരണ കിട്ടുന്ന മൈലേജിനെക്കുറിച്ച് ധാരണയുണ്ടായിരിക്കണം. ഇടയ്ക്കിടെ പരിശോധിക്കുകയും മൈലേജിൽ പത്തു ശതമാനത്തിലധികം കുറവു കാണിച്ചാൽ, എൻജിൻ ട്യൂണിങ് കൃത്യമാക്കുകയും ചെയ്യണം.

3. നിരന്തര ശ്രദ്ധവേണ്ട വിഷയമാണ് ടയർ പ്രഷർ. ടയറിൽ കാറ്റ് കൂടിയാലും കുറഞ്ഞാലും മൈലേജിനെ ബാധിക്കും. ഓരോ വാഹനത്തിനും, മുൻ ടയറിനും പിൻ ടയറിനും വ്യത്യസ്ത പ്രഷർ ആയതിനാൽ സ്വന്തം വണ്ടിയുടെ ടയറുകളിൽ എത്ര പ്രഷറിലാണ് കാറ്റു വേണ്ടതെന്ന് അറിഞ്ഞിരിക്കണം. മാസത്തിലൊരിക്കലെങ്കിലും ഇതു പരിശോധിക്കണം. ടയറിന്റെ മോശം അവസ്ഥയും മൈലേജിനെ ബാധിക്കും.

4. വാഹനത്തിന്റെ മൈലേജിന് ബാറ്ററി ഗ്രാവിറ്റി കൃത്യമാണെന്ന് ഉറപ്പു വരുത്തണം. ചില വാഹനങ്ങളിൽ ബാറ്ററി ചാർജിങ്ങിന് ഇൻഡിക്കേറ്റർ സംവിധാനം ഉണ്ട്. ഇത്തരം മുന്നറിയിപ്പുകൾ അവഗണിക്കരുത്‍. ഇത് ഇല്ലാത്ത വാഹനങ്ങൾ സെൽഫ് സ്റ്റാർട്ടിനോ മറ്റോ ബുദ്ധിമുട്ട് കാണിച്ചാൽ ബാറ്ററി പരിശോധിക്കണം. സ്റ്റാർട്ടിങ്ങിന് പ്രയാസം നേരിടുമ്പോൾ ഇന്ധനനഷ്ടം വലുതാണ്.

5. വാഹനം അനാവശ്യമായി റേസ് ചെയ്യാതിരിക്കുക, ക്ലച്ച് പൂർണമായി പിടിച്ച ശേഷം മാത്രം ഗിയർ മാറ്റുക തുടങ്ങിയ കാര്യങ്ങൾ മൈലേജ് സംരക്ഷിക്കാനുള്ള അടിസ്ഥാന നിയമങ്ങളാണ്. അമിത വേഗവും ഇഴഞ്ഞുനീങ്ങലും മൈലേജ് കുറയ്ക്കും. മണിക്കൂറിൽ 40, 50 കിലോമീറ്റർ വേഗമാണ് കമ്പനികൾ സാധാരണ നിർദേശിക്കുന്നത്. ബൈക്കുകളുടെ സ്പീഡോ മീറ്ററിൽ കൂടുതൽ ഇന്ധനക്ഷമത നൽകുന്ന വേഗപരിധി അടയാളപ്പെടുത്തിയിട്ടുണ്ടാകും.