ടിനു യോഹന്നാന്‍ കേരള ക്രിക്കറ്റ് ടീം പരിശീലകന്‍

ടിനു യോഹന്നാന്‍ കേരള ക്രിക്കറ്റ് ടീം പരിശീലകന്‍

കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ പേസ് ബൗളറും മലയാളിയുമായ ടിനു യോഹന്നാന്‍ സ്ഥാനമേറ്റു. ഡേവ് വാട്‌മോറിനു പകരക്കാരനായാണ് ടിനു കേരള ടീമിന്റെ പരിശീലകനാവുന്നത്. മൂന്ന് വര്‍ഷം കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്ന ശേഷമാണ് വാട്‌മോര്‍ ടീമിനോട് വിട പറയുന്നത്.  2017ല്‍ ചുമതലയേറ്റ സീസണില്‍ത്തന്നെ കേരളത്തെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിച്ച വാട്‌മോര്‍ 2018-19 സീസണില്‍ കേരള ടീമിനെ ചരിത്രത്തിലാദ്യമായി സെമിയിലേക്ക് എത്തിച്ചു. അവസാന സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് വാട്‌മോറിന്റെ സ്ഥാനം തെറിപ്പിച്ചത്.

ഇതിഹാസ പരിശീലകന്മാരിലൊരാളായ വാട്‌മോറിന് പകരമെത്തുന്ന ടിനുവിന് മുന്നില്‍ വെല്ലുവിളികളേറെയാണ്. രഞ്ജി ട്രോഫിയില്‍ കരുത്തുറ്റ പ്രകടനം പുറത്തെടുക്കുന്ന രീതിയിലേക്ക് കേരളത്തെ വളര്‍ത്തുകയെന്നതാണ് ടിനുവിന്റെ പ്രധാന ചുമതല. നിലവില്‍ കെസിഎയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലെ ക്രിക്കറ്റിനെ വളര്‍ത്തുന്നതിനായി ആരംഭിച്ച ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ ഡയറക്ടറാണ് ടിനു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ച ആദ്യ മലയാളി താരമാണ് ടിനു.

 

2001ലെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ടിനുവിന്റെ അരങ്ങേറ്റം. മൂന്ന് ടെസ്റ്റ് മാത്രം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ച അദ്ദേഹം അഞ്ച് വിക്കറ്റുകള്‍ മാത്രമാണ് വീഴ്ത്തിയത്. നേടിയത് വെറും 13 റണ്‍സും.മൂന്ന് ഏകദിനവും അദ്ദേഹം ഇന്ത്യക്കുവേണ്ടി കളിച്ചു. അഞ്ച് വിക്കറ്റും ഏഴ് റണ്‍സുമാണ് ഏകദിനത്തിലെ സമ്പാദ്യം. 2002ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലായിരുന്നു ഇത്.41കാരനായ ടിനു 59 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 524 റണ്‍സും 145 വിക്കറ്റും 45 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 93 റണ്‍സും 63 വിക്കറ്റും അദ്ദേഹം നേടി. ഒരു ടി20യും കളിച്ചിട്ടുണ്ട്. കേരളത്തിലെ ക്രിക്കറ്റ് വളര്‍ച്ചയ്ക്കുവേണ്ടി നിരന്തരം ഇടപെടലുകളില്‍ നടത്തുന്ന വ്യക്തികളില്‍ ഒരാള്‍കൂടിയാണ് ടിനു യോഹന്നാന്‍.