എൻജികെ ഈമാസം 31ന് തിയറ്ററുകളിൽ

 എൻജികെ ഈമാസം 31ന് തിയറ്ററുകളിൽ

ആരാധകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് സൂപ്പർതാരം സൂര്യയുടെ പുതിയ ചിത്രം "എൻജികെ" തിയറ്ററുകളിലേക്ക്. സെൽവ രാഘവന്‍റെ സംവിധാന മികവിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രം ഈമാസം 31ന് പ്രദർശനത്തിനെത്തും. ഇരുവരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. 

എൻജികെ ഒരു പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറാണ്. നന്ദ ഗോപാൽ കുമരൻ അഥവാ എൻജികെ എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ചിത്രത്തിൽ സൂര്യ. ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾകൊണ്ടും മൂർച്ചയേറിയ സംഭാഷണങ്ങൾ കൊണ്ടും ചിത്രം സമ്പന്നമാണ്.

സായ് പല്ലവി, രകുൽ പ്രീത് സിങ് എന്നിവരാണ്  ചിത്രത്തിൽ സൂര്യയുടെ നായികമാർ. ദേവരാജ്, പൊൻവണ്ണൻ, ഇളവരസ് , വേലാ രാമമൂർത്തി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നു.  

ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്‍റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബുവും എസ്.ആർ പ്രഭുവുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീതം. ശിവകുമാർ വിജയൻ ഛായാഗ്രഹണവും അനൽ അരസു സംഘട്ടന രംഗങ്ങളും ഒരുക്കിയിരിക്കുന്നു. സ്‌ട്രെയിറ്റ്‌ ലൈൻ സിനിമാസും എൻജോയ് മൂവീസും ചേർന്ന് കേരളത്തിൽ എൻജികെ പ്രദർശനത്തിനെത്തിക്കുന്നു.