രാത്രി ആകാശം നോക്കിയാല്‍ കാണാം വ്യാഴവും ശനിയും

രാത്രി ആകാശം നോക്കിയാല്‍ കാണാം വ്യാഴവും ശനിയും

രാത്രി മഴയില്ലാതെ ആകാശം കിട്ടിയാല്‍ ജൂണ്‍ മാസം ഒന്ന് കണ്ണോടിച്ചോളൂ, സൗരയൂഥത്തിലെ ഏറ്റവും വലിപ്പമുള്ള ഗ്രഹമായ വ്യാഴം (Jupiter) കാണാം. വല്ലാതെ തിളങ്ങുന്നതും എന്നാല്‍ നക്ഷത്രങ്ങളെപ്പോലെ കണ്ണുചിമ്മാത്തതുമായ ഒരു വസ്‍തു കണ്ണില്‍പ്പെട്ടാല്‍ ഉറപ്പിച്ചോളൂ, അത് വ്യാഴമാണ്. 

വാതകങ്ങള്‍ നിറഞ്ഞ ഭീമാകാരനായ വ്യാഴത്തെ ഈ മാസം മുഴുവന്‍ നമ്മുടെ ആകാശത്ത് കാണാം. പ്രത്യേകിച്ച് വാനനിരീക്ഷണ ഉപകരണങ്ങള്‍ ഒന്നുമില്ലാതെ തന്നെ വ്യാഴത്തെ കാണാം. ബൈനോക്കുലര്‍ ഉപയോഗിച്ചാല്‍ കാഴ്‍ച്ച അല്‍പ്പംകൂടി ഭംഗിയാകും. 

ശക്തിയേറിയ ബൈനോക്കുലര്‍ പരീക്ഷിച്ചാല്‍ ഒരുപക്ഷേ, വ്യാഴത്തിന്‍റെ വലിപ്പമുള്ള നാല് ഉപഗ്രഹങ്ങളെ കാണാം. ചിലപ്പോള്‍ ഗ്രഹത്തെച്ചുറ്റുന്ന വളയങ്ങളും ദൃശ്യമാകും. 

വ്യാഴം മാത്രമല്ല, ശനിയും ഈ മാസം നമ്മുടെ ആകാശത്ത് എളുപ്പം കാണാവുന്ന വലിപ്പത്തില്‍ ഉണ്ടാകും. ജൂണ്‍ 14, 19 തീയതികളിലാണ് ഗ്രഹങ്ങളെ നിരീക്ഷിക്കാന്‍ ഏറ്റവും എളുപ്പം. തെക്ക് ചക്രവാളത്തിലേക്കാണ് കണ്ണോടിക്കേണ്ടത്, കണ്ണുചിമ്മാതെ നിങ്ങളെ നോക്കി ഗ്രഹങ്ങളുണ്ടാകും.