സച്ചിനും,ഖാനും പ്രിയപ്പെട്ടവന്‍; 2.29 കോടി രൂപയുടെ ഐ 8 ഇനി നിര്‍മ്മിക്കില്ല !

സച്ചിനും,ഖാനും പ്രിയപ്പെട്ടവന്‍; 2.29 കോടി രൂപയുടെ ഐ 8 ഇനി നിര്‍മ്മിക്കില്ല !

ബി എം ഡബ്ലിയുവിന്‍റെ മികച്ച ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാര്‍ ഏതെന്ന് ചോതിച്ചാല്‍ ആദ്യം മനസ്സില്‍ കടന്നു വരിക i8 എന്ന മോഡലാണ്.ഏകദേശം ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് i8ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറിനെ ബിഎംഡബ്ല്യു അന്താരാഷ്ട്ര വിപണികയില്‍ പരിചയപ്പെടുത്തുന്നത്.എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡലിന്റെ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. 

പുതുതലമുറ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വഴിയൊരുക്കാന്‍ ഏപ്രിലില്‍ i8-ന്റെ നിര്‍മ്മാണം അവസാനിപ്പിക്കും എന്ന് കമ്പനി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍മ്മാണശാലകള്‍ അടച്ചതോടെ അവസാന മോഡലിന്റെ പ്രൊഡക്ഷന്‍ നടക്കാതെ വന്നു.ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ മോഡലിന്റെ അവസാന വാഹനം കമ്പനി പുറത്തിറക്കി.പോര്‍ട്ടിമാവോ ബ്ലൂ എന്ന നിറമാണ് അവസാന ബിഎംഡബ്ല്യു i8 -ന് നിര്‍മ്മാതാക്കള്‍ നല്‍കിയത്.

ഇതുവരെയും ഈ നിറത്തിലൊരു ബിഎംഡബ്ല്യു i8 നിര്‍മ്മിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അവസാന മോഡല്‍ എന്നതിനെ സൂചിപ്പിക്കാനാണ് ഈ നിറം നല്‍കിയതെന്നാണ് കമ്പനിയുടെ പ്രസ്താവന.ഈ മോഡല്‍ വില്‍പ്പനയ്ക്ക് എത്തിക്കുമോ അതോ, അവസാന മോഡല്‍ എന്ന നിലയ്ക്ക് ബിഎംഡബ്ല്യു മ്യുസിയത്തില്‍ ഇടം പിടിക്കുമോ എന്ന കാര്യത്തിലും കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

2.29 കോടി രൂപയാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് ഏകദേശം 20,000 യൂണിറ്റ് ഐ 8 കളെ വിറ്റഴിക്കാന്‍ സാധിച്ചതായാണ് കമ്പനി പറയുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറും ഷാരൂഖ് ഖാനുമെല്ലാം ഈ സ്‌പോര്‍ട്‌സ് കാര്‍ ഉടമകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കമ്പനി നിരയിലെ ഏറ്റവും വില കൂടുതലുള്ള പ്ലഗ് ഇന്‍ ഹൈബ്രിഡ് സ്‌പോര്‍ട്‌സ് കാറാണ് i8. കാര്‍ബണ്‍ ഫൈബര്‍ റീഇന്‍ഫോര്‍സ്ഡ് പ്ലാസ്റ്റിക്ക് ചേര്‍ത്ത അലൂമിനിയം ഷാസിയിലാണ് ബിഎംഡബ്ല്യു i8 -ന്റെ നിര്‍മ്മാണം. മുകളിലേക്കു തുറക്കുന്ന ഗള്‍വിങ് ഡോറുകളാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

വാഹനത്തില്‍ 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പം, ഇലക്ട്രിക്ക് മോട്ടോറും ഇടംപിടിച്ചിട്ടുണ്ട്.374 bhp ആണ് വാഹനത്തിന്റെ കരുത്ത്. മണിക്കൂറില്‍ 250 കിലോമീറ്റര്‍ പരമാവധി വേഗത. 4.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കും.2017-ല്‍ i8-ന്റെ റോഡ്സ്റ്റര്‍ വേര്‍ഷന്‍ ആഗോള വിപണിയിലും 2018 ഓട്ടോ എക്സ്പോയില്‍ ഇന്ത്യയിലും കമ്പനി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ മോഡല്‍ ഇതുവരെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടില്ല.