രാംചരണിന്‍റെ ക്യാരക്ടര്‍ ടീസറുമായി ആര്‍.ആര്‍.ആര്‍ ടീം

ബാഹുബലിക്ക് ശേഷം എസ്എസ് രാജമൌലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍.ആര്‍.ആര്‍. ജൂനിയര്‍ എന്‍.ടി.ആര്‍ രാംചരണ്‍, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ചിത്രത്തിലെ രണ്ട് നായന്മാരില്‍ ഒരാളായ രാം ചരണിന്‍റെ പിറന്നാള്‍ ദിനമായ ഇന്ന് ചിത്രത്തിലെ അദ്ദേഹത്തിന്‍റെ ക്യാരക്ടര്‍ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭീം ഫോര്‍ രാമരാജു എന്ന് പേരിട്ടിരിക്കുന്ന ടീസറില്‍ അല്ലൂരി സീതാ രാമരാജു എന്ന രാം ചരണ്‍ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തുന്നത്.

രാം ചരണിന്‍റെ യൂട്യൂബ് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ചിത്രത്തില്‍ പൊലീസ് ഓഫീസറായാണ് രാം ചരണ്‍ വേഷമിടുന്നത്. അഗ്നിയായി രാം ചരണും വെള്ളമായി എന്‍.ടി.ആറും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. രാജമൌലി തന്നെ രചനയും നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഡിവിവി ധനയ്യയാണ്.

വി വിജയേന്ദ്ര പ്രസാദ് കഥയും കെകെ സെന്തില്‍ കുമാര്‍ ക്യാമറയും നിര്‍വഹിക്കുന്നു. സാബു സിറില്‍ പ്രൊഡക്ഷന്‍ ഡിസൈനും എംഎം കീരവാണി സംഗീതവും ചെയ്തിരിക്കുന്നു. വിഎഫ്എക്സ് സൂപ്പര്‍വിഷന്‍ വി ശ്രീനിവാസ് മോഹനും ശ്രീകര്‍ പ്രസാദ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു. മലയാളത്തില്‍ ചിത്രത്തിന്‍റെ സംഭാഷണങ്ങള്‍ മങ്കുമ്പ് ഗോപാലകൃഷ്ണന്‍റേതാണ്.