റോബോട്ട് നഴ്സ് ഇനി മരുന്നു നല്‍കും, ഭക്ഷണവും

റോബോട്ട് നഴ്സ്  ഇനി മരുന്നു നല്‍കും, ഭക്ഷണവും

ചൈനയുടെ വഴിയില്‍ റോബോട്ടിക്‌സ് പരീക്ഷിച്ച് ഇന്ത്യയും; രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൊവിഡ് രോഗികള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കാന്‍ റോബോട്ട് നഴ്‌സിനെ പരീക്ഷിച്ചു തുടങ്ങി. മരുന്ന്, ഭക്ഷണ വിതരണത്തിന് നഴ്‌സുമാര്‍ ചെയ്യുന്ന സേവനത്തിലാണ് റോബോട്ടിനെ ഉപയോഗിക്കുന്നത്. റോബോട്ടിന്റെ കാര്യക്ഷമത വിലയിരുത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ജെയ്പൂരിലെ സാവായ് മാന്‍സിംഗ് സര്‍ക്കാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഹ്യൂമനോയ്ഡ് റോബോട്ട് നഴ്‌സിനെ 'നിയോഗി'ച്ചിട്ടുള്ളത് ക്ലബ് ഫസ്റ്റ് എന്ന സ്വകാര്യ കമ്പനിയാണ്. ആശുപത്രി ജീവനക്കാര്‍ക്ക് രോഗം വരാതിരിക്കാനാണ് ഈയൊരു പരീക്ഷണത്തിന് ആശുപത്രി മുതിര്‍ന്നതെന്ന് എസ് എം എസ് ആശുപത്രി സൂപ്രണ്ട് ഡോ. ഡി എസ് മീണ അറിയിച്ചു. നിലവില്‍ നഴ്‌സുമാരടക്കമുള്ളവര്‍ കൊവിഡ് രോഗികളെ സമീപിക്കുന്നത് പ്രത്യേക കവചിത വസ്ത്രങ്ങള്‍ അണിഞ്ഞാണ്.

റോബോട്ടിനെ നിയന്ത്രിക്കാന്‍ നിര്‍മിത ബുദ്ധിയും ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സും ഉപയോഗിക്കുന്നു. അതിനാല്‍ തറയിലെ പ്രത്യേക ലൈനുകള്‍ റോബോട്ടിന് ഉപയോഗിക്കേണ്ടി വരില്ല. സ്വന്തം നിലയ്ക്ക് തന്നെ ചലിക്കും. ലിഫ്റ്റ് ഉപയോഗിച്ച് നിശ്ചിത വാര്‍ഡിലെ നിശ്ചിത ബെഡ്ഡിനരികില്‍ എത്തുകയും ചെയ്യും. ബാറ്ററി തീരാറായാല്‍ ചാര്‍ജിംഗ് പോയിന്റിനടുത്തേക്കും പോകുമെന്ന് റോബോട്ട് വികസിപ്പിച്ച ഭുവനേശ് മിശ്ര പറഞ്ഞു.