രാമപ്പക്ഷേത്രം;രാമപ്പ ഇവിടുത്തെ പ്രതിഷ്ഠയല്ല പിന്നെ ആര് ?

രാമപ്പക്ഷേത്രം;രാമപ്പ ഇവിടുത്തെ പ്രതിഷ്ഠയല്ല പിന്നെ ആര് ?

ഇന്നത്തെ തെലങ്കാനയിലെ വാറങ്കലിൽ കാകതീയ രാജാക്കന്മാരുടെ നിർമ്മാണ വിദ്യയുടെ അമ്പരപ്പിക്കുന്ന അടയാളമാണ് രാമപ്പ ക്ഷേത്രം. വെള്ളത്തിൽ പൊങ്ങിക്കിടക്കുവാൻ സാധിക്കുന്ന തരത്തിലുള്ള ഇഷ്ടകളാണത്രെ ഇതിന്‍റെ നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്

ഇന്നത്തെ വാറങ്കലിലാണ് രാമപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വെങ്കട്പൂർ മണ്ഡലിലെ പാലംപേട്ട് ഗ്രാമത്തിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കാകതീയ രാജാക്കന്മാരു‌ടെ നിർമ്മാണ വൈദഗ്ദ്യത്തിന്റെ ഏറ്റവും ഉത്തമ ഉദാഹരണമായാണ് ഈ ക്ഷേത്രത്തെ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്നത്. രാമലിംഗേശ്വര ക്ഷേത്രമെന്നാാണ് പേരെങ്കിലും രാമപ്പ ക്ഷേത്രമെന്ന് ഇതറിയപ്പെടുന്നതിനു പിന്നിൽ രസകരമായ മറ്റൊരു കഥയുണ്ട്.

ക്ഷേത്രങ്ങൾ മുഖ്യപ്രതിഷ്ഠയു‌‌ടെ പേരിൽ അറിയപ്പെടുമ്പോൾ ഇവിടെ ഒരു വ്യത്യാസമുണ്ട്.  രാമപ്പ എന്നത് ഈ ക്ഷേത്രം നിർമ്മിച്ച ശില്പിയുടെ പേരാണ്. അദ്ദേഹത്തിൻറെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കാകതീയ രാജാവായിരുന്ന കാകതി ദേവയുടെ ഭരണത്തിൻകീഴിൽ മുഖ്യ സൈന്യാധിപനായിരുന്ന രുദ്ര സമാനിയുടെ നിയന്ത്രണത്തിലും മേൽനോട്ടത്തിലുമാണ് ക്ഷേത്ര നിർമ്മാണം പൂര്‍ത്തിയാക്കിയത്. എഡി 1213 കാലഘട്ടത്തിലാണ് ക്ഷേത്രം നിർമ്മിക്കുന്നത്. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ

കൊത്തുപണികൾ നിറഞ്ഞ തൂണുകളും ചുവരുകളും ഏറെയുണ്ടിവിടെ. സംഗീതജ്ഞര്‍, നൃത്തം ചെയ്യുന്ന സ്ത്രീകൾ, പുരാണങ്ങളിൽ പരാമർശിച്ചിരിക്കുന്ന മൃഗങ്ങൾ തുടങ്ങിയവയൊക്കെ ഇവിടുത്തെ തൂണുകളിൽ കൊത്തിവെച്ചിട്ടുണ്ട്.ക്ഷേത്രം പൂർത്തിയാക്കുവാൻ 40 വര്‍ഷമെടുത്തു .  തീർത്തും വ്യത്യസ്ഥമായ രീതിയിലാണ് ഇതിന്‍റെ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. നക്ഷത്രാകൃതിയിലുള്ള തറയാണ് ക്ഷേത്രത്തിന്‍റെ മറ്റൊരു ആകർഷണം. ആറടിയാണ് ഈ തറനിരപ്പിന്‍റെ ഉയരം,.ഭൂമികുലുക്കമുണ്ടായാല്‍ പോലും തകർന്നു വീഴാത്ത തരത്തിലുള്ള രീതിയും ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. സാൻഡ് ബോക്സ് ടെക്നോളജി എന്നാണിതിന്‍റെ പേര്. ഫൗണ്ടേഷന്‍റെ കുഴികളിൽ പ്രത്യേക രീതിയിൽ മണൽ ചേർക്കുന്നതാണിത്. അങ്ങനെ ചെയ്യുമ്പോൾ ഈ കുഴികൾ ഒരു കുഷ്യനെപ്പോലെ വർത്തിച്ച് ഭൂകമ്പത്തിലോ ഭൂമികുലുക്കത്തിലോ ഒക്കെ നിന്ന് ക്ഷേത്രം തകരുന്നത് തടയും എന്നാണ് കരുതുന്നത്.


ലോക സഞ്ചാരിയായിരുന്ന മാർക്കോ പോളോ തന്‍റെ ഭാരത സന്ദർശനത്തിനിടെ ഇവിടെയും എത്തിയിട്ടുണ്ട്.