രാഹുലിനേയും പ്രിയങ്കയേയും അറസ്റ്റ് ചെയ്തു

രാഹുലിനേയും പ്രിയങ്കയേയും അറസ്റ്റ്  ചെയ്തു

കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച ഹഥ്റാസിസിലേക്ക് തിരിച്ച പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും യു.പി പൊലീസ് കസ്റ്റഡിയിലെടുത്തു. നോയിഡയില്‍ വച്ചാണ് ഇരുവരുടേയും വാഹനം തടഞ്ഞത്.
തുടര്‍‌ന്ന് ഇരുവരും കാല്‍നടയായി ഹഥ്റാസിലേക്ക് തിരിച്ചു. പിന്നീടാണ് ഇവരെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാതെ മടങ്ങില്ലെന്ന് രാഹുലും പ്രിയങ്കയും പറഞ്ഞു

അതിനിടെ കേസിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചെന്നും നട്ടെല്ലിന് പരിക്കേറ്റെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.
സെപ്റ്റംബര്‍ 14നാണ് സംഭവം. മൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്ത് നാല് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പെണ്‍കുട്ടിയെ ആദ്യം ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് അലിഗഢിലെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ പിന്നീട് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഡല്‍ഹിയില്‍ വളരെ ഗുരുതര സ്ഥിതിയിലായിരിക്കെയാണ് മരണം സംഭവിച്ചത്.