കോടതി അലക്ഷ്യ കേസ് വിധിക്കെതിരെ പ്രശാന്ത് ഭൂഷൻ റിവ്യു ഹർജി നൽകി

കോടതി അലക്ഷ്യ കേസ് വിധിക്കെതിരെ പ്രശാന്ത് ഭൂഷൻ റിവ്യു ഹർജി നൽകി


കോടതി അലക്ഷ്യ കേസിൽ ഒരു രൂപ പിഴ വിധിച്ചതിനെതിരെ പ്രശാന്ത് ഭൂഷൻ സുപ്രീം കോടതിയിൽ റിവ്യു ഹർജി നൽകി. കോടതി വിധിച്ച പിഴ അടച്ചെങ്കിലും ശിക്ഷയെ ചോദ്യം ചെയ്യുമെന്ന് പ്രശാന്ത് ഭൂഷൻ വ്യക്തമാക്കി. പിഴ അടച്ചത് ശിക്ഷ അം​ഗീകരിക്കലല്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 
ചീഫ് ജസ്റ്റിസുമാരെ വിമർശിച്ച് ട്വീറ്റ് ചെയ്തതുവഴി കോടതിയലക്ഷ്യക്കുത്തിനാണ് പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ടത്. സെപ്റ്റംബർ 15ന് മുൻപ് പിഴയൊടുക്കണമെന്നും ഇല്ലെങ്കിൽ മൂന്നു മാസം ജയിൽ ശിക്ഷ അനുഭവിക്കുകയോ മൂന്നു വർഷത്തേക്ക് അഭിഭാഷകവൃത്തി അനുഷ്ഠിക്കുകയോ ചെയ്യരുതെന്നും കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. 

ഭൂഷൺ മാപ്പുപറയാൻ വിസമ്മതിക്കുകയും പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ച് അദ്ദേഹത്തിന് ശിക്ഷ വിധിച്ചത്. ആറുമാസം വരെ തടവോ 2000 രൂപ വരെ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു അദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ടത്.
പ്രശാന്തിനെ ശിക്ഷിക്കരുതെന്ന് അറ്റോണി ജനറൽ കെ. ക. വേണുഗോപാൽ ശക്തമായി വാദിച്ചിരുന്നു. ഒരു ഘട്ടത്തില്‍ തന്റെ ട്വീറ്റിനെ ന്യായീകരിച്ച് കോടതിയില്‍ സംസാരിച്ച ഭൂഷണോട് അത് തിരുത്തുന്നോ എന്ന് ആലോചിക്കാൻ കുറച്ചു ദിവസം സമയം അനുവദിക്കാം എന്നുവരെ കോടതി പറഞ്ഞതാണ്. എന്നാല്‍, ആലോചിച്ചുള്ള പ്രസ്താവനയാണെന്നും തിരുത്താൻ ഉദ്ദേശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നാഗ്പൂരിൽ ഹാർലി ഡേവിഡ്സൺ ബൈക്കിലിരിക്കുന്ന ചിത്രത്തെക്കുറിച്ചും കഴിഞ്ഞ ആറുവർഷത്തെ നാലു ചീഫ് ജസ്റ്റിസുമാരെക്കുറിച്ചുമായിരുന്നു ട്വീറ്റുകൾ. ഇവ വസ്തുതാപരമായി ശരിയല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.