ഓസ്ട്രേലിയക്കെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് പാകിസ്ഥാൻ

ഓസ്ട്രേലിയക്കെതിരെ കറുത്ത ബാഡ്ജ് അണിഞ്ഞ് പാകിസ്ഥാൻ

 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ കറുത്ത ബാഡ്ജ് അണിഞ്ഞാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇറങ്ങിയത്. മുന്‍ ക്രിക്കറ്റര്‍ അക്തര്‍ സര്‍ഫ്രാസ്, ടെസ്റ്റ് അമ്പയര്‍ റിയാസുദ്ദീന്‍ എന്നിവരോടുള്ള ആദരസൂചകമായാണ് ടീം കറുത്ത ബാഡ്ജ് അണിഞ്ഞ് ഇറങ്ങിയത്. ടോസ് സമയത്ത് തന്നെ പാകിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അമ്പയറായിരുന്ന റിയാസുദ്ദീന്‍ ഹൃദയാഘാതം മൂലം ഇന്നലെ കറാച്ചിയിലാണ് അന്തരിച്ചത്. ഐസിസി അമ്പയർ പാനൽ അംഗമായിരുന്നു അദ്ദേഹം. അക്തര്‍ സര്‍ഫ്രാസ് ജൂൺ പത്തിനാണ് അന്തരിച്ചത്. പാകിസ്ഥാന് വേണ്ടി 1997-98 കാലഘട്ടത്തിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് അക്തർ. 

ഓസ്ട്രേലിയക്കെതിരെ ടോസ് നേടി പാകിസ്ഥാൻ ആദ്യം ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 307 റൺസിന് പുറത്തായി. മികച്ച തുടക്കം ലഭിച്ചിരുന്ന ഓസ്ട്രേലിയക്ക് പക്ഷേ അവസാന ഓവറുകളിൽ തുടരെത്തുടരെ വിക്കറ്റുകൾ വീണതോടെ കൂറ്റൻ സ്കോർ നേടാനായില്ല. ഓപ്പണർ ഡേവിഡ് വാർണർ സെഞ്ച്വറി നേടി. 

111 പന്തിൽ നിന്നാണ് അദ്ദേഹം 107 റൺസ് നേടിയത്. ഓസീസ് നായകൻ ആരോൺ ഫിഞ്ച് 84 പന്തിൽ നിന്ന് 82 റൺസെടുത്തു. ഒരു ഘട്ടത്തിൽ 34 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 242 റൺസെടുത്തിരുന്നു ഓസ്ട്രേലിയ. എന്നാൽ പിന്നീട് അടിപതറുകയായിരുന്നു. 

കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്നു ഓസ്ട്രേലിയയെ മുഹമ്മദ് ആമിറിൻെറ നേതൃത്വത്തിൽ പാക് ബോളർമാർ പിടിച്ച് കെട്ടുകയായിരുന്നു.