ഫഹദ് നസ്രിയയെ വിവാഹം കഴിക്കാന്‍ കാരണമായത് താനാണെന്ന് നിത്യ മേനോൻ

ഫഹദ് നസ്രിയയെ വിവാഹം കഴിക്കാന്‍ കാരണമായത് താനാണെന്ന് നിത്യ മേനോൻ


മലയാളത്തിന്റെ ഏറെ പ്രിയപ്പെട്ട താരദമ്പതികളായ നസ്രിയ ഫഹദ് വിവാഹത്തിന് പിന്നിലെ കഥകള്‍ വെളിപ്പെടുത്തി നടി നിത്യ മേനോന്‍ രംഗത്ത്. ഇരുവര്‍ക്കുമൊപ്പം നിത്യ അഭിനയിച്ചത് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്‌സിലാണ്. ചിത്രത്തില്‍ നസ്രിയയുടെ കഥാപാത്രത്തെ വിവാഹം ചെയ്യുന്ന ഫഹദിന്റെ കഥാപാത്രത്തിന്റെ മുന്‍കാമുകിയായാണ് നിത്യ എത്തിയത്. ചിത്രത്തില്‍ അതിഥി വേഷത്തിലാണ് നിത്യ എത്തിയതെങ്കിലും ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു അത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ചിത്രത്തെ പറ്റിയും താരങ്ങളെ പറ്റിയും നടി വാചാലയായി. കൈരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ സംസാരിക്കവേ ആണ് നിത്യ മനസ് തുറന്നത്. 


ബാംഗ്ലൂര്‍ ഡേയ്‌സില്‍ നസ്രിയ അവതരിപ്പിച്ച ദിവ്യ എന്ന കഥാപാത്രം അവതരിപ്പിക്കാനായാണ് നിത്യയെ ക്ഷണിച്ചിരുന്നത് എന്നാല്‍ മറ്റു ചില ചിത്രങ്ങളുടെ തിരക്കിലായതിനാല്‍ നിത്യക്ക് ആ വേഷം ചെയ്യാന്‍ സാധിക്കാതെ വരികയായിരുന്നു. തുടര്‍ന്നാണ് നസ്രിയ മുഖ്യ വേഷം ചെയ്തതെന്ന് നിത്യ വ്യക്തമാക്കി. 

നസ്രിയയും ഫഹദുമായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായത്. സിനിമ റിലീസായ ശേഷം ആ വേഷം ചെയ്യാന്‍ കഴിയാത്തതില്‍ വിഷമം തോന്നിയോ എന്ന ചോദ്യത്തിന് നിത്യ പറഞ്ഞ മറുപടി അത്യന്തം രസകരമായിരുന്നു. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ സെറ്റില്‍ വെച്ചാണ് ഫഹദും നസ്രിയയും തമ്മില്‍ പ്രണയത്തിലായതും വിവാഹിതരായതും. അപ്പോള്‍ അവരുടെ വിവാഹത്തിന് കാരണമായത് ഞാനല്ലേ എന്നായിരുന്നു നിത്യയുടെ മറുചോദ്യം. രണ്ടു പേര്‍ക്കും അത് ഓര്‍മ്മ വേണമെന്നും നിത്യ കൂട്ടിച്ചേര്‍ത്തു.