ടാറ്റയുടെ പുതിയ എസ് യു വി അവതാരം; ഗ്രാവിറ്റാസ്

ടാറ്റയുടെ പുതിയ എസ് യു വി അവതാരം; ഗ്രാവിറ്റാസ്

ഇന്ത്യയിലെ എസ്‌യുവി ശ്രേണിയിലേക്ക് ടാറ്റ മോട്ടോഴ്‌സിന്റെ ഒരു പുതിയ അവതാരം കൂടി പിറവിയെടുക്കാന്‍ പോകുന്നു " ഗ്രാവിറ്റാസ് ". ടാറ്റയില്‍ നിന്നിറങ്ങി നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായ ഹാരിയറിന്റെ ഏഴ് സീറ്റര്‍ പതിപ്പാണ് ഗ്രാവിറ്റാസ്. വരുന്ന ഉത്സവ സീസണില്‍ ഗ്രാവിറ്റാസ് നിരത്തിലെത്തുമെന്നാണ് പുതിയ വിവരം.

ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി വികസിപ്പിച്ച ഒമേഗ പ്ലാറ്റ്‌ഫോമിലാണ് ഗ്രാവിറ്റാസും ഒരുങ്ങുന്നത്. ലാന്‍ഡ് റോവര്‍ ഡി 8 ആര്‍ക്കിടെക്ചറാണ് ഒമേഗ ആര്‍ക്കിന്റെ അടിസ്ഥാനം. ഗ്രാവിറ്റാസിന്റെ മുന്‍ഗാമിയായ ഹാരിയറിനെക്കാള്‍ 63 എംഎം നീളവും 80 എംഎം വീതിയും ഈ വാഹനത്തിന് അധികമുണ്ടെന്നാണ് വിവരം.

കണ്‍സെപ്റ്റ് മോഡലും ഇതുവരെ പുറത്തുവന്ന പരീക്ഷണയോട്ട ചിത്രങ്ങളില്‍നിന്നും അഞ്ച് സീറ്റര്‍ ഹാരിയറിന് സമാനമായ രൂപഘടനയാണ് ഗ്രാവിടാസിന്റെ എക്‌സിറ്റീരിയറിലുള്ളത്. എന്നാല്‍, മൂന്ന് നിര സീറ്റുകള്‍ എത്തുന്നതിനൊപ്പം ഇന്റീരിയറില്‍ നിരവധി മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.  ഉപഭോക്താവിന് ലക്ഷ്വറി അനുഭവം നല്‍കുന്ന പ്രീമിയം ഫീച്ചേഴ്‌സിലും കാര്യമായ മാറ്റങ്ങളുണ്ടാകും.

ബിഎസ് 6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ക്രയോടെക് ഡീസല്‍ എന്‍ജിനായിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുത്തുക. 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍. മഹീന്ദ്ര എക്‌സ്‌യുവി 500, എംജി ഹെക്ടര്‍ പ്ലസ് എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.