വിസ്മയ കാഴ്ചകൾ നിറച്ച് മിഷൻ മംഗൾ ട്രെയ്‌ലർ

അക്ഷയ് കുമാർ പ്രധാനവേഷത്തിലെത്തുന്ന മിഷൻ മംഗൾ എന്ന ചിത്രത്തിന്‍റെ ട്രെയ‌ലർ പുറത്തെത്തി. വിദ്യ ബാലൻ, തപ്സി പന്നു, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കൃതി കുൽഹരി, ശർമൻ ജോഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ISROയിലെ ശാസ്ത്രജ്ഞരുടെ വേഷത്തിലാണ് എല്ലാവരും ചിത്രത്തിലെത്തുന്നത്. മലയാളിയായ നിത്യ മേനോൻ ഈ ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കുകയാണ്.

ജഗൻ സാക്ഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഓഗസ്റ്റ് 15 ന് ചിത്രം തിയെറ്ററുകളിലെത്തും. 2013 നവംബർ അഞ്ചിനായിരുന്നു ഇന്ത്യയുടെ അഭിമാനമായ മിഷൻ മംഗൾ വിജയകരമായി വിക്ഷേപിച്ചത്. 2014 സെപ്റ്റംബർ 24ന് മംഗൾ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.

ഇതോടെ ചൊവ്വ ദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. പിഎസ്എൽവിയുടെ പരിഷ്കൃത രൂപമായ പിഎസ്എൽവി-എക്സ്എൽ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം.