റീചാർജബിൾ എൻ 95 മാസ്ക്കുമായി മലയാളികൾ

റീചാർജബിൾ എൻ 95 മാസ്ക്കുമായി മലയാളികൾ

കോവിഡിനെ പ്രതിരോധിയ്ക്കുന്നതിനു വേണ്ടി  ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് രോഗികളുമായി ഇടപഴകുന്നവരും മാത്രം എന്‍ 95 മാസ്‌കുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നാണ് കേന്ദ്ര ആരോഗ്യ വിഭാഗത്തിന്റെയും  ലോകാരോഗ്യ സംഘടനയുടെയും നിർദേശം. മറ്റുള്ളവർ സാധാരണ തുണി മാസ്‌ക്കുകൾ തന്നെ ഉപയോഗിച്ചാൽ മതിയെന്നും നിർദേശമുണ്ട്.  

എന്നാല്‍ സാധാരണക്കാര്‍ പോലും ഇപ്പോള്‍ എന്‍ 95 മാസ്‌കുകള്‍ തന്നെയാണ്  ഉപയോഗിയ്ക്കുന്നത് .ഇതോട് കൂടി എന്‍ 95 മാസ്‌കുകള്‍ക്ക് ക്ഷാമവും നേരിട്ടിരുന്നു. നിലവിലുള്ള എന്‍ 95 മാസ്‌കുകള്‍,റീ യൂസബിളല്ല. എന്നാൽ തുണി മാസ്‌ക്കുകളെ പോലെ കഴുകി ഉപയോഗിയ്ക്കുവാൻ സാധിയ്ക്കുന്ന  എൻ 95 മാസ്‌ക്കുകൾ കണ്ടുപിടിച്ചിരിയ്ക്കുകയാണ് മലയാളികളുടെ നേതൃത്വത്തിലുള്ള സംഘം.

ഹൈദരാബാദിലെ ടാറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലെ മലയാളികള്‍ നേതൃത്വം നല്‍കുന്ന സംഘമാണ് 'റീച്ചാര്‍ജ്ജബിള്‍ എന്‍ 95 മാസ്‌ക് ' എന്ന പുതിയ ആശയത്തിന് പിന്നില്‍.ട്രൈബോ ഇലക്‌ട്രിസിറ്റി ഉപയോഗിച്ചായിരിക്കും ഈ റീ ചാര്‍ജ്ജിങ് നടക്കുക. ഘര്‍ഷണത്തിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെ ആണ് ട്രൈബോ ഇലക്‌ട്രിസിറ്റി എന്ന് പറയുന്നത്.

താടിയെല്ലുകളുടെ സ്വാഭാവിക ചലനം വഴിയാകും ഈ റീ ചാര്‍ജ്ജിങ് സാധ്യമാക്കുക.  അതുകൊണ്ട്  മാസ്‌ക് ധരിച്ചാല്‍ തന്നെ സ്വാഭാവിക റീച്ചാര്‍ജ്ജിങ്  നടക്കും .താരതമ്യേന ചുരുങ്ങിയ ചെലവില്‍ ഈ റീ ചാര്‍ജ്ജബിള്‍ എന്‍ 95 മാസ്‌കുകള്‍ ഉണ്ടാക്കാം എന്നാണ് ഇവരുടെ അവകാശവാദം. ഡോ ജി രാജലക്ഷ്മി, പ്രൊഫ ടിഎന്‍ നാരായണന്‍ വിദ്യാര്‍ത്ഥികളായ സ്റ്റെല്‍ബിന്‍ ഫിഗറെസ്, സുദേഷ്ണ പത്രാസ്‌തേ എന്നിവരാണ് മാസ്‌ക് വികസിപ്പിച്ചെടുത്തത്.

ഇതില്‍ ടിഎന്‍ നാരായണന്‍ പാലക്കാട് സ്വദേശിയും സ്റ്റെല്‍ബിന്‍ കൊച്ചി സ്വദേശിയും ആണ്. എൻ 95 മാസ്ക്കിൽ നടക്കുന്ന  അരിക്കല്‍ ശേഷി നിലനിര്‍ത്തുന്നതിനായി മാസ്ക്കിന്റെ പാളികളില്‍ ഒന്നില്‍ ഗ്രഫീന്‍ ഓക്‌സൈഡ് അടിസ്ഥാനമായുള്ള പെയിന്റ് ആണ് പുതിയ ആശയത്തിൽ  ഉപയോഗിക്കുന്നത്. സാനിറ്റൈസ് ചെയ്ത് വേണം ഈ മാസ്‌കും പുനരുപയോഗിക്കാന്‍.