കേരളത്തിന്റെ ഗ്രീൻ ഓട്ടോകൾ ജൂണിൽ നിരത്തിലിറങ്ങും

കേരളത്തിന്റെ ഗ്രീൻ ഓട്ടോകൾ ജൂണിൽ നിരത്തിലിറങ്ങും

കേരളത്തിന്റെ ആദ്യ ഇലക്ട്രിക്കൽ ഓട്ടോറിക്ഷ ഗ്രീൻ ‘ഇ’ ഓട്ടോ ജൂണമാസത്തിൽ വിപണിയിലെത്തും.വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈൽസ് ലിമിറ്റഡ് നിർമിച്ച ഗ്രീൻ ഓട്ടോകൾ വിപണിയിലിറക്കുന്നതിനു മുമ്പുള്ള പരിശോധനയ്ക്കായി ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷന് സമർപ്പിച്ചു.

കേന്ദ്ര ഖനവ്യവസായ വകുപ്പിനു കീഴിലുള്ള എആർഎഐയുടെ അനുമതി ലഭിച്ചാൽ മാത്രമേ ഓട്ടോകൾ ആർടിഒയിൽ രജിസ്റ്റർ ചെയ്യാനാകൂ. അനുമതി ലഭിച്ചാൽ ജൂണിൽ ഗ്രീൻ ഇ ഓട്ടോകൾ വിപണിയിലിറക്കാനാകും.

നിലവിൽ നാലു യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ഗ്രീൻ ഓട്ടോറിക്ഷയ്ക്ക് രണ്ടര ലക്ഷം രൂപയാണ് വില.നാലു മണിക്കൂർ ചാർജ് ചെയ്താൽ 100 കിലോ മീറ്റർ ഓടാനാകും. ഒരു കിലോ മീറ്ററിന് വെറും 50 പൈസയാണ് ചെലവ്.സാങ്കേതിക വിദ്യ, രൂപ കൽപ്പന എന്നിവ ഉൾപ്പെടെ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഗ്രീൻഓട്ടോ. ഓട്ടോസ്റ്റാൻഡുകളിൽ ചാർജിങ് സ്‌റ്റേഷനുകൾ കെഎഎൽ സ്ഥാപിക്കും.

വൈകാതെ മൂന്നു പേർക്ക് യാത്ര ചെയ്യാവുന്ന ഇ റിക്ഷകൾ പുറത്തിറക്കും. ഒന്നര ലക്ഷം രൂപയാണ് വില. പിന്നാലെ സിഎൻജി ഓട്ടോയും നിർമിക്കും. നിലവിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് ഇന്ത്യയിൽ ഇ ഓട്ടോകൾ നിർമിക്കുന്നത്.വിപണിയിലെത്തിയില്ലെങ്കിലും ഗ്രീൻ ഓട്ടോകൾക്ക് ആവശ്യക്കാർ ഏറെയാണ്.

ഡൽഹി,മുംബൈ, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് അന്വേഷകരിൽ ഭൂരിഭാഗവുമെന്ന് കെഎഎൽ മാനേജിങ് ഡയറക്ടർ എ ഷാജഹാൻ പറഞ്ഞു.ഓട്ടോറിക്ഷകൾ വിപണി പിടിച്ചാൽ നാലുചക്ര ഇ വാഹനങ്ങളുടെ നിർമാണത്തിലേക്കു കടക്കുമെന്നും അദ്ദേഹം അറിയിച്ചു.ഭാവിയിൽ കേരളത്തിലെ പ്രമുഖ നഗരങ്ങളിൽ ഇ ഓട്ടോകൾ മാത്രമേ അനുവദിക്കൂവെന്ന് കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.