ഏകദിന ലോക കപ്പിന് തൊട്ട് മുമ്പ് ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി

ഏകദിന ലോക കപ്പിന് തൊട്ട് മുമ്പ് ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി

ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന ലോക കപ്പിന് തൊട്ട് മുമ്പ് ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് കനത്ത തിരിച്ചടി. തോളിന് പരിക്കേറ്റ് യുവ പേസര്‍ ജേ റിച്ചാര്‍ഡ്സണ്‍ ലോക കപ്പ് ടീമില്‍ നിന്ന് പുറത്തായി.

ഷാര്‍ജയില്‍ മാര്‍ച്ചില്‍ പാകിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിലാണ് ജേയ്ക്ക് പരിക്കേറ്റത്. എന്നാല്‍ ലോക കപ്പിന് മുമ്പ് താരത്തിന് ഫിറ്റ്നസ് വീണ്ടെടുക്കാനാവില്ല. ഇന്ത്യക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു ജേ റിച്ചാര്‍ഡ്സണ്‍. അഞ്ച് മത്സരങ്ങളില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ താരം ഓസ്ട്രേലിയയുടെ പരമ്പര ജയത്തില്‍ (3-2) നിര്‍ണായക സ്ഥാനം വഹിച്ചിരുന്നു.

അതെസമയം ജേ റിച്ചാര്‍ഡ്‌സിന്റെ പകരക്കാരനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചു. വെസ്റ്റേണ്‍ ഓസ്ട്രേലിയ പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്സണെയാണ് പകരക്കാരനായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമങ്ങളില്‍ ജേ മികച്ചു നിന്നിരുന്നു. എന്നാല്‍ നെറ്റ്‌സില്‍ പന്തെറിയാനുള്ള അവസാന ശ്രമത്തില്‍ വേണ്ടത്ര വേഗം കണ്ടെത്താന്‍ പേസര്‍ക്കായില്ല. ഇതിന് ശേഷം സെലക്ടര്‍മാരുമായി ചര്‍ച്ച ചെയ്ത് താരത്തെ സ്‌ക്വാഡില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഓസീസ് ടീം ഫിസിയോ ഡേവിഡ് ബേക്ക്ലി വ്യക്തമാക്കി.