നാം ഉപയോഗിക്കുന്ന തുണി മസ്കുകള്‍ സുരക്ഷിതമോ ?

നാം ഉപയോഗിക്കുന്ന തുണി മസ്കുകള്‍ സുരക്ഷിതമോ ?

നമ്മള്‍ ഉപയോഗിക്കുന്ന തുണി മസ്കുകള്‍ സുരക്ഷിതമാണോ എന്ന സംശയം പലപ്പോഴും ഉണ്ടാകാറുണ്ട്. മാസ്‌ക്കിനായി ഏത് മെറ്റീരിയല്‍ ഉപയോഗിക്കണം എന്നതിനെ കുറിച്ചും സംശയങ്ങള്‍ ബാക്കിയാണ്. ആദ്യം എന്തിനാണ് മാസ്ക് വെക്കുന്നത് എന്നറിയണം.

1. രോഗം ബാധിച്ച വ്യക്തി മാസ്‌ക്ക് ധരിക്കുകയാണെങ്കില്‍ അവര്‍ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലേക്ക് വൈറസുകള്‍ പടരുന്നത് തടയാന്‍ സാധിക്കുന്നു.

2. മാസ്‌ക് ധരിച്ച വ്യക്തി ശ്വസിക്കുമ്പോള്‍ വായുവിലുള്ള വൈറസ് നിറഞ്ഞ മിക്ക ചെറു കണങ്ങളെയും തടയുന്നതിനു സാധിക്കുന്നു.

3. മാസ്‌ക്ക് ധരിക്കുന്നയാള്‍ സ്വന്തം വായിലും മൂക്കിലും തൊടുന്നതും തടയാന്‍ സാധിക്കുന്നു.

100 ശതമാനം കോട്ടണ്‍, കുറഞ്ഞത് 180 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ത്രെഡ് എണ്ണം, കട്ടിയുള്ളതും കടുപ്പമുള്ളതുമായ രീതിയില്‍ നെയ്‌തെടുത്ത തുണിത്തരമാണ് മാസ്‌ക്കിനായി തെരഞ്ഞെടുക്കേണ്ടത്. (സാധാരണയായി ഒരു കോട്ടണ്‍ ടി ഷര്‍ട്ടിന് 40 -50, ഷര്‍ട്ട് 100 -120, ടീ ടവല്‍ 130 -250, ബെഡ്ഷീറ്റ് 200 -400 എന്നിങ്ങനെ ആണ് ത്രെഡ് എണ്ണം ഉണ്ടാകുക.) ഇതേ കാരണത്താല്‍ 100 ശതമാനം കോട്ടണ്‍ ടി ഷര്‍ട്ടിന്റെ തുണി കൊണ്ട് നിര്‍മിച്ച മാസ്‌കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 100 ശതമാനം കോട്ടണ്‍ ടീ ടവല്‍ തുണി കൊണ്ട് നിര്‍മിച്ച മാസ്‌കുകള്‍ ഉയര്‍ന്ന ഫില്‍ട്ടറേഷന്‍ കാര്യക്ഷമത കാണിക്കുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

നിങ്ങള്‍ എപ്പോഴൊക്കെ വീടിനു പുറത്തിറങ്ങുന്നുവോ അപ്പോഴെല്ലാം മാസ്‌ക്ക് ധരിക്കേണ്ടതാണ്, പ്രത്യേകിച്ചും നിങ്ങള്‍ സമൂഹവുമായി ഇടപെടുന്ന സാഹചര്യങ്ങളില്‍. ഈ മാസ്‌ക്കുകള്‍ ഒരിക്കലും സാമൂഹിക അകലം പാലിക്കുന്നതിന് പകരമല്ല.വീട്ടില്‍ മാസ്‌ക്ക് ധരിക്കേണ്ട ആവശ്യമില്ല.സാമൂഹിക അകലം പാലിക്കല്‍, കൈ കഴുകല്‍ തുടങ്ങിയ ദൈനംദിന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം മാസ്‌ക്ക് ധരിക്കുന്നതും ഒരു ശീലമാക്കുന്നത് വഴി രോഗവ്യാപനം തടയാന്‍ ഒരു പരിധിവരെ നമുക്ക് കഴിയും. ഒരു മാസ്‌ക്ക് കൊണ്ട് മുഖം മറക്കുന്നത് അതു ധരിക്കുന്നവരെ സംരക്ഷിക്കുന്നതോടൊപ്പം മറ്റുള്ളവരെയും രോഗബാധകളില്‍ നിന്ന് സംരക്ഷിക്കുന്നു.