ഓള്‍റൗണ്ടര്‍ യുവരാജ് സിങ് പടിയിറങ്ങുന്നു

ഓള്‍റൗണ്ടര്‍ യുവരാജ് സിങ് പടിയിറങ്ങുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും പടിയിറങ്ങുന്നു. മുംബൈയിൽ വിളിച്ചു ചേർത്ത പ്രത്യേക വാർത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2000 മുതൽ 2017 വരെ ഇന്ത്യയ്ക്കായി അദ്ദേഹം കളിച്ചിരുന്നു.ഏകദിന, ട്വന്റി20 ലോകകപ്പു നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നെടുന്തൂണായിരുന്നു യുവരാജ് സിങ്.

രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുണ്ട്. 304 ഏകദിനങ്ങളിൽനിന്ന് 36.55 റണ്‍ ശരാശരിയിൽ 8701 റൺസാണ് സമ്പാദ്യം. 14 സെഞ്ചുറികളും 52 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 150 റൺസാണ് ഉയർന്ന സ്കോർ.2017 ജൂണിലാണ് അവസാനമായി താരം ഇന്ത്യന്‍ ടീമില്‍ ഏകദിനം കളിച്ചത്.

2011 ലോകകപ്പിനുശേഷം ശ്വാസകോശ അര്‍ബുദ ബാധിതനായ യുവി കളത്തില്‍ നിന്ന് വിട്ട് നിന്നെങ്കിലും രോഗത്തെ തോല്‍പ്പിച്ച് തിരിച്ചെത്തിയ താരം വീണ്ടും ക്രിക്കറ്റില്‍ സജീവമായിരുന്നു. നേരത്തെ വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതിനായി 37 കാരന്‍ ബിസിസിഐയെ സമീപിച്ചിരുന്നു.ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലിമിറ്റഡ് ഓവര്‍ ക്രിക്കറ്ററായ യുവരാജ് സിങ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ അതില്‍ വലിയ പങ്ക് വഹിച്ചിരുന്നു.