ന്യൂനമര്‍ദ്ദം : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ന്യൂനമര്‍ദ്ദം  : സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേരളത്തിൽ കാലവർഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. അതേസമയം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമ‍ർദ്ദം തീവ്രവിഭാഗത്തിലേക്ക് മാറി. നാളെ വൈകുന്നേരത്തോടെ തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്നും മുന്നറിയിപ്പ്.

ജൂണ്‍ അഞ്ചിന് കേരളത്തിൽ കാലവർഷമെത്തുമെന്നായിരുന്നു പ്രവചനം. എന്നാൽ കാലവർഷം നേരത്തെയെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ വൈകുന്നേരത്തോടെ തീവ്രന്യൂനമർദ്ദം ‘നിസർഗ’ ചുഴലിക്കാറ്റായി മാറും. മഹാരാഷ്ട്രയ്ക്കും ദാമനും ഇടയിലായിരിക്കും ‘നിസർഗ’ കര തൊടുക.

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ജൂണ്‍ നാല് വരെ കേരളതീരത്ത് മത്സ്യബന്ധനം പൂ‍ർണമായി നിരോധിച്ചു. ജലനിരപ്പുയർന്നതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നെയ്യാർഡാം, അരുവിക്കര ഡാം എന്നിവയുടെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.