എലിയില്‍ നിന്നും എയ്ഡ്സ് വൈറസ് പൂര്‍ണ്ണമായും നീക്കം ചെയ്തു, അടുത്ത വര്‍ഷത്തോടെ മരുന്ന്

എലിയില്‍ നിന്നും എയ്ഡ്സ് വൈറസ് പൂര്‍ണ്ണമായും നീക്കം ചെയ്തു, അടുത്ത വര്‍ഷത്തോടെ മരുന്ന്

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് നാളിന്നു വരെ 70 ദശലക്ഷത്തിലധികം ആളുകൾക്ക് എച്ച്ഐവി വൈറസ് ബാധയേറ്റിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 35 ദശലക്ഷം പേർ എച്ച്ഐവി ബാധിച്ച് മരിച്ചു. ഇപ്പോഴാകട്ടെ ഓരോ വർഷവും 4 ലക്ഷം പേർ എച്ച്ഐവി വൈറസ് മൂലം മരിക്കുന്നു.

എന്നാല്‍ എയ്ഡ്സ് ചികിത്സ ഇല്ലാത്ത രോഗമാണ് എന്നത് അടുത്ത കാലത്ത് തന്നെ ചരിത്രമായി മാറും. ജീൻ എഡിറ്റിംഗ് തെറാപ്പിയിലൂടെ എലികളില്‍ നിന്നും എച്ച് ഐ വി വൈറസിനെ പൂര്‍ണ്ണമായും വിജയകരമായി ഇല്ലാതാക്കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. 

പുതിയ രൂപത്തിലുള്ള ആന്റി-റിട്രോവൈറൽ തെറാപ്പിയോടൊപ്പം CRISPR-Cas9 ഉപയോഗിച്ചാണ് ഈ പരീക്ഷണം നടത്തിയതെന്ന് നേച്ചർ കമ്മ്യൂണിക്കേഷൻസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നു. ഇത് ആദ്യമായി ഒരു ജീവിയുടെ ഡി എന്‍ എയില്‍ നിന്നും എച്ച് ഐ വി വൈറസിന്‍റെ എല്ലാ വിധ ലക്ഷണങ്ങളും തുടച്ചു നീക്കി. 

ടെമ്പിൾ യൂണിവേഴ്സിറ്റിയിലെ ലൂയിസ് കാറ്റ്സ് സ്കൂൾ ഓഫ് മെഡിസിനിൽ നിന്നുള്ള കമൽ ഖലീലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് എച്ച് ഐ വി വൈറസിന്‍റെ 100% തെളിവുകൾ വിജയകരമായി നീക്കം ചെയ്തത്. ഗിസ്മോഡോ റിപ്പോർട്ട് പ്രകാരം രോഗം ബാധിച്ച 30% ത്തിൽ കൂടുതൽ എലികളുടെ ശരീരത്തില്‍ നിന്നും എച്ച് ഐ വി പൂര്‍ണ്ണമായും നീക്കം ചെയ്തു. 

മനുഷ്യരല്ലാത്ത പ്രൈമേറ്റുകളില്‍ നടത്തുന്ന പരീക്ഷണങ്ങളിലേക്കും തുടര്‍ന്ന് ഒരു വർഷത്തിനുള്ളിൽ മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങളിലേക്കും മുന്നേറാനുള്ള വ്യക്തമായ പാത കണ്ടെത്തിയിരിക്കുകയാണ് ഇപ്പോഴെന്ന് വിജയകരമായ എച്ച്ഐവി വൈറസ് നിർമാർജ്ജന സാങ്കേതിക വിദ്യയ്ക്ക് ശേഷം പത്രക്കുറിപ്പിൽ ഖലീലി പറഞ്ഞു. 

എച്ച് ഐ വി വൈറസിന്‍റെ ഉന്മൂലനത്തിനായി, വിജയകരമായ ജീൻ എഡിറ്റിംഗ് സാങ്കേതികതയുടെ സാദ്ധ്യതകള്‍ ഉപയോഗിച്ച് മനുഷ്യ പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കും. അടുത്ത വർഷത്തോടെ മനുഷ്യർക്ക് എച്ച്ഐവി പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായുള്ള ചികിത്സ ലഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.