കൊറോണ വൈറസ് പുരുഷന്മാർക്ക് ഭീഷണിയോ ?

കൊറോണ വൈറസ് പുരുഷന്മാർക്ക് ഭീഷണിയോ ?

കോവിഡിന്‍റെ പിടിയിലമർന്നിരിക്കുകയാണ് ലോകം. എങ്ങനെ ഈ മഹാമാരിയെ പ്രതിരോധിക്കാമെന്ന ഗവേഷണങ്ങൾ ലോകത്ത് പലയിടങ്ങളിലും പുരോഗമിക്കുന്നു. വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ ഏതാണ്ട് ലക്ഷ്യത്തിലേക്ക് അടുക്കുന്നു. അതിനിടെ കോവിഡ് ബാധിക്കുന്നവരിൽ സംഭവിക്കുന്ന ചില മാറ്റങ്ങളെ സംബന്ധിച്ച പഠന റിപ്പോർട്ടും പുറത്തുവരുന്നു.കോവിഡ് ബാധിച്ചവരിൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റീറോൺ കുറയുന്നുവെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ടെസ്റ്റോസ്റ്റീറോൺ കുറയുന്നത് രോഗാവസ്ഥ ഗുരുതരമാക്കുമെന്നാണ് ഏജിങ് മെയിൽ എന്ന മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

കോവിഡ് 19 മൂലം മരിച്ചവരില്‍ ജീവിച്ചിരിക്കുന്നവരിലുള്ളതിനേക്കാള്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറവാണെന്നും പഠനം സംഘം വ്യക്തമാക്കുന്നു. 232 പുരുഷന്‍മാര്‍ ഉള്‍പ്പടെ 438 കോവിഡ് 19 സ്ഥിരീകരിച്ച രോഗികളിലാണ് ഗവേഷകർ പഠനം നടത്തിയത്.ടെസ്റ്റോസ്റ്റിറോണ്‍ ശ്വാസകോശ അവയവങ്ങളുടെ പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇതിന്റെ അളവ് കുറയുന്നത് ശ്വാസകോശത്തിലെ അണുബാധ രൂക്ഷമാക്കുന്നുവെന്നും പഠനസംഘം അവകാശപ്പെടുന്നു .കോവിഡ് ബാധിക്കുന്നവരിൽ രോഗം ഗുരുതരമാകുമ്പോൾ ന്യൂമോണിയ ബാധിക്കുകയും രോഗിക്ക് വെന്‍റിലേറ്റർ സഹായം ആവശ്യമായി വരികയും ചെയ്യുന്നു. ടെസ്റ്റോസ്റ്റീറോൺ അളവ് കുറയുന്നത് ശ്വാസകോശത്തിന്‍റെ പ്രതിരോധശേഷി ദുർബലമാകുകയും, ന്യൂമോണിയ നിയന്ത്രണാതീതമായി മാറുകയും ചെയ്യുന്നുവെന്ന് പഠനസംഘം പറഞ്ഞു.