കൊറോണകാലത്ത് ഇണയെ ആകർഷിയ്ക്കാൻ പക്ഷികൾക്ക് മൂളിപ്പാട്ട് മതി

കൊറോണകാലത്ത് ഇണയെ ആകർഷിയ്ക്കാൻ പക്ഷികൾക്ക് മൂളിപ്പാട്ട് മതി

കൊവിഡ് 19 ലോക്ഡൗണ്‍ മനുഷ്യനെ വീടിനുള്ളിൽ തളച്ചിട്ടത്തോടെ  നഗര വീഥികൾ  പക്ഷികളും  മൃഗങ്ങളും കയ്യടക്കിയിരുന്നു. ഇതിന് പുറമെ പക്ഷി മൃഗാദികളുടെ  സ്വഭാവത്തിലും  മാറ്റങ്ങളുണ്ടായെന്നും തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍, ഇതിനുപുറമേ പക്ഷികളുടെ കൂവലിനു ശബ്ദം മൂന്നിലൊന്നായി കുറഞ്ഞുവെന്നും ആണ്‍പക്ഷികള്‍ ഇണകളെ ആകര്‍ഷിക്കാനായി പാടുന്നതു കൂടുതല്‍ മധുരതരമായെന്നുമാണ് സാന്‍ഫ്രാന്‍സിസ്കോ കേന്ദ്രമായ  പക്ഷിഗവേഷകര്‍ നടത്തിയ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത് . മനുഷ്യരുടെ പ്രവൃത്തികളും പക്ഷിമൃഗാദികളുടെ പെരുമാറ്റങ്ങളും തമ്മില്‍ എങ്ങനെ നേരിട്ടു ബന്ധപ്പെടുന്നുവെന്നു വിശദീകരിക്കുന്നതാണ്  പഠനം. 

സാന്‍ഫ്രാന്‍സിസ്കോയില്‍ പതിവു സാന്നിധ്യമായ വെള്ള കിരീടമുള്ള കുരുവികളുടെ ചിലയ്ക്കല്‍ മുൻപ് വലിയ ശബ്ദത്തിലുള്ള കൂവലായിരുന്നെങ്കില്‍ ഇപ്പോള്‍ മൂളിപ്പാട്ടായി മാറിയെന്നാണു പഠനം വ്യക്തമാക്കുന്നത് .നഗരത്തില്‍ വാഹനങ്ങളും ജനത്തിരക്കും മൂലമുള്ള ശബ്ദം കുറഞ്ഞത് മൂലമാണ് ഇത്തരത്തിൽ പക്ഷികൾ വലിയ ശബ്ദത്തിലുള്ള അവറ്റകളുടെ കൂവൽ മൂളിപ്പാട്ടാക്കി മാറ്റിയത്. ഇണയെ ആകര്‍ഷിക്കാനും ആശയവിനിമയത്തിനുമായാണ് പക്ഷികള്‍ ചിലയ്ക്കുന്നത്. മുന്‍പ് വലിയ ശബ്ദമുണ്ടാക്കേണ്ടിയിരുന്നു പരസ്പരം ഇരുവർക്കും കേള്‍ക്കാന്‍.എന്നാൽ  ഇപ്പോള്‍ നഗരം ശാന്തമായതോടെ  മൃദുവായി ചിലച്ചാലും മതി. ഇതോടെ, ഇണപ്പക്ഷിയോടു കൂടുതല്‍ മൃദുവും മധുരതരവുമായി ആണ്‍പക്ഷിയുടെ ആശയവിനിമയം.

വാഹനങ്ങളുടെ ശബ്ദശല്യം കുറഞ്ഞതിനാല്‍ മുന്‍പത്തെക്കാള്‍ കൂടുതല്‍ ദൂരത്തിലെത്തും ഈ മൂളിപ്പാട്ടുകള്‍. മുന്‍പ് 100 മീറ്റര്‍ അകലെ കേട്ടിരുന്ന ശബ്ദം ഇപ്പോള്‍ 200 മീറ്റര്‍ അകലെ വരെ കേള്‍ക്കാം എന്നർത്ഥം. പരിസ്ഥിതിയില്‍ വന്ന മാറ്റം കിളികളുടെ ആരോഗ്യത്തിലും മാറ്റമുണ്ടാക്കിയിട്ടുണ്ടെന്ന് പഠന സംഘത്തിന്റെ മേധാവി എലിസബത്ത് ഡെറിബറി പറഞ്ഞു.

ലോക്ഡൗണ്‍ മൂലം കൂടുതല്‍ ആക്രമണ സ്വഭാവമുള്ള എലികളുണ്ടായെന്നതാണ് പഠനത്തില്‍ കണ്ടെത്തിയ മറ്റൊരു പ്രധാന വിഷയം. ലോക്ഡൗണില്‍ എലികളുടെ പതിവു ഭക്ഷണ സ്രോതസുകള്‍ ഇല്ലാതായി. ഇതോടെയാണ് ഇവയുടെ സ്വഭാവം കൂടുതല്‍ അക്രമാസക്തമായതെന്നാണ് പഠനത്തില്‍ പറയുന്നു.