വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്ക് കൂടി

വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം  നിരക്ക് കൂടി

2019-20 സാമ്പത്തിക വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ പുതുക്കിയതായി ഐആര്‍ഡിഎ അറിയിച്ചു.ജൂണ്‍ 16 മുതല്‍ കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ വര്‍ധിക്കും. വിവിധ വിഭാഗങ്ങളില്‍ 21 ശതമാനംവരെ വര്‍ധനവാണ് ഇന്‍ഷുറന്‍സ് നിയന്ത്രണ വികസന അതോറിറ്റി (ഐആര്‍ഡിഎ) തീരുമാനിച്ചിരിക്കുന്നത്. 

സാധാരണ ഏപ്രില്‍ തൊട്ടാണ് പുതുക്കിയ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കുകള്‍ പ്രാബല്യത്തില്‍ വരാറ്. എന്നാല്‍ രാജ്യം പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചതിനാല്‍ ഇന്‍ഷുറന്‍സ് നിരക്കുകള്‍ പുതുക്കുന്നത് ഐആര്‍ഡിഎ ഈ വര്‍ഷം നീട്ടുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം 1,000 സിസിക്ക് താഴെയുള്ള ചെറു കാറുകളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം നിരക്ക് 12 ശതമാനം വര്‍ധിച്ച് 2,072 രൂപയായി ഉയരും.

നിലവില്‍ 1,850 രൂപയാണ് ചെറു കാറുകളുടെ പ്രീമിയം നിരക്ക്. 1,000 മുതല്‍ 1,500 സിസി വരെയുള്ള കാറുകളുടെ പ്രീമിയം നിരക്കില്‍ 12.5 ശതമാനം വര്‍ധനവാണ് ഐആര്‍ഡിഎ കൈക്കൊണ്ടിരിക്കുന്നത്. ജൂണ്‍ 16 മുതല്‍ ഈ വിഭാഗത്തില്‍പ്പെടുന്ന കാറുകള്‍ക്ക് 3,221 രൂപ തേര്‍ഡ് പാര്‍ട്ടി പ്രീമിയം ഇനത്തില്‍ ഉടമകള്‍ അടയ്ക്കണം.

ഇതേസമയം, 1,500 സിസിക്ക് മുകളിലുള്ള കാറുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ മാറ്റമില്ല. ഉയര്‍ന്ന ശേഷിയുള്ള കാറുകളില്‍ ഇപ്പോഴുള്ള 7,890 രൂപയുടെ പ്രീമിയംതന്നെ തുടരും. ഇരുചക്ര വാഹനങ്ങളിലും സമാനമായ പ്രീമിയം നിര്‍ക്ക് വര്‍ധനവ് നടപ്പില്‍ വരാന്‍പോവുകയാണ്. 75 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിരക്ക് 12.88 ശതമാനം കൂടി.

482 രൂപയാണ് ഈ വിഭാഗത്തില്‍പ്പെടുന്ന ഇരുചക്ര വാഹനങ്ങളുടെ പുതുക്കിയ പ്രീമിയം. 75 സിസി മുതല്‍ 150 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി പ്രീമിയം 752 രൂപയായി ഐആര്‍ഡിഎ പുനര്‍നിശ്ചയിച്ചു. 150 സിസി മുതല്‍ 350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങളിലാണ് ഏറ്റവും കൂടിയ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരിക.

ഉത്തരവ് പ്രകാരം ഈ വിഭാഗത്തില്‍പ്പെടുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് 1,193 രൂപ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയമായി ഉടമകള്‍ അടയ്ക്കണം. നിലവില്‍ 985 രൂപയാണ് പ്രീമിയം നിരക്ക്; വര്‍ധനവ് 21.1 ശതമാനം. 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ പ്രീമിയം നിരക്കില്‍ മാറ്റമില്ല.ഏഴായിരം രൂപയുടെ വര്‍ധനവാണ് ബസുകളില്‍ നടപ്പിലാവുക. ചരക്കു ലോറികള്‍ക്ക് 3,188 രൂപ വരെ കൂടി. പുതിയ കാറുളുടെയും ഇരുചക്ര വാഹനങ്ങളുടെയും ദീര്‍ഘകാല പ്രീമിയം നിരക്കില്‍ മാറ്റമില്ല.