കൊറോണ വൈറസ് : വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കൊറോണ വൈറസ് : വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

കേരളത്തിൽ കൊറോണ വൈറസ് ബാധ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാര രംഗത്ത് വീണ്ടും നിയന്ത്രണങ്ങൾ.സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം കേന്ദ്രങ്ങളും താത്കാലികമായി അടച്ചു. മാർച്ച് 31 വരെയാണ് നിയന്ത്രണം. ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ അറിയിച്ചു. വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വനാതിര്‍ത്തി പങ്കിടുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങൾ എന്നിവയ്ക്കെല്ലാം ഈ വിലക്ക് ബാധകമാണ്. വനത്തിനുള്ളിൽ ആളുകൾ കൂട്ടം കൂടുന്ന പ്രകൃതി പഠന ക്യാംപുകൾ ഉൾപ്പെടെയുള്ള പരിപാടികൾക്കും വിലക്കുണ്ട്. സൈലന്‍റ് വാലി ദേശീയോദ്യാനം, പറമ്പിക്കുളം കടുവ സംരക്ഷണ കേന്ദ്രം, നെല്ലിയാമ്പതി, ചൂലന്നൂർ മയിൽ സങ്കേതം, ശിരുവാണി തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങൾക്കും നിരോധനം ബാധകമാണ്. കേരളത്തിൽ ടൂറിസം സീസൺ തുടങ്ങുവാനിരിക്കുന്ന സാഹചര്യത്തിലാണ് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നിരിക്കുന്നത്.

ശെന്തുരുണി ഇക്കോ ടൂറിസം പദ്ധതി മാർച്ച് 31 വരെ അടച്ചിട്ടു. തെന്മല മാൻ പാർക്കിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. * തേക്കടിയിലെ ബോട്ടിങ്ങ് മാർച്ച് 31 വരെ നിർത്തിവെച്ചു. പെരിയാർ വന്യജീവി സങ്കേതത്തിലേക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല * ആങ്ങാമൂഴി കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്കുള്ള പ്രവേശനം താത്കാലിതമായി നിർത്തി. * കോന്നി ഇക്കോ ടൂറിസം സെന്‍ററും ആനത്താവളവും തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും അടച്ചു. * തൃശൂർ ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും മാർച്ച് 11, 12 തിയ്യതികളിൽ അടച്ചിടും. പുന്നത്തൂർ ആനക്കോട്ടയിൽ മാർച്ച് 31 വരെ പ്രവേശനമുണ്ടാവില്ല. തൃശൂർ മൃഗശാലയിലും മ്യൂസിയത്തിലും പ്രവേശനം അനുവദിക്കില്ല. * തുമ്പൂർമുഴി, അതിരപ്പള്ളി, വാഴച്ചാൽ എന്നിവിടങ്ങളും താത്കാലികമായി അടച്ചു. മലക്കപ്പാറ മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കുക. *ഇടുക്കി ജില്ലയിലെ വാഗമണ്ണിൽ 15 ദിവസത്തേയ്ക്ക് ബുക്കിങ്ങുകള്‍ നിർത്തി വെച്ചിട്ടുണ്ട്.