ആപ്പിള്‍ ഐഫോണുകള്‍ വിലക്കി !!!

ആപ്പിള്‍ ഐഫോണുകള്‍ വിലക്കി !!!

ചൈനയില്‍ ആപ്പിള്‍ ഫോണുകള്‍ക്ക് വിലക്ക്. മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമിന്റെ രണ്ട് പേറ്റന്റുകള്‍ ലംഘിച്ചു എന്ന കേസിലാണ് ചില പഴയ ഐഫോണ്‍ മോഡലുകള്‍ക്ക് ചൈനയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 8, ഐഫോണ്‍ ടെന്‍ എന്നീ മോഡലുകളേയാണ് ചൈനീസ് കോടതിയുടെ വിധി ബാധിക്കുക.
                                                                                                                    
ആപ്പിളിന്റെ ഏറെ പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ചൈന. കേസിനെ തുടര്‍ന്ന് വിലക്കേര്‍പ്പെടുത്തിയത് ആപ്പിളിന് വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. അതേസമയം തങ്ങളുടെ എല്ലാ മോഡലുകളും ചൈനീസ് വിപണിയില്‍ വില്‍പനയ്ക്കുണ്ടാകുമെന്നും. തീരുമാനം പുനഃപരിശോധിക്കാനുള്ള അപേക്ഷ തങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ആപ്പിള്‍  പറഞ്ഞു. സെപ്റ്റംബറില്‍ പുറത്തിറക്കിയ ഐഫോണ്‍ ടെന്‍ മോഡലുകള്‍ ഈ കേസില്‍ ഉള്‍പ്പെടുന്നില്ലെന്ന് ആപ്പിള്‍ പറഞ്ഞു.

 ചൈന, ഹോങ്കോങ്, തായ്‌വാന്‍ എന്നീ രാജ്യങ്ങള്‍ ആപ്പിളിന്റെ ഏറ്റവും വലിയ വിപണികളാണ്. 2017 അവസാനത്തിലാണ് ചിത്രങ്ങള്‍ റീസൈസ് ചെയ്യുന്നതിനും ടച്ച് സ്‌ക്രീനില്‍ ആപ്ലിക്കേഷനുകള്‍ കൈകാര്യം ചെയ്യുന്നതിനുമുള്ള ഫീച്ചറുകളുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ പേറ്റന്റുകള്‍ ആപ്പിള്‍ ലംഘിച്ചു എന്ന് കാണിച്ച് ക്വാല്‍കോം ചൈനയില്‍ പരാതി നല്‍കിയത്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആണെങ്കിലും ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നതും വിപണിയില്‍ ഐഫോണുകളുടെ മുഖ്യ എതിരാളികളില്‍ ചിലതുമായ ഷാവോമി, ഓപ്പോ, വണ്‍പ്ലസ് പോലുള്ള ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകള്‍ക്ക് സാങ്കേതിക സേവനങ്ങള്‍ നല്‍കി വരുന്ന സ്ഥാപനമാണ്  ക്വാല്‍കോം.