ഇലക്ട്രിക് അവതാരമായി വീണ്ടും ചേതക് എത്തുന്നു; പ്രതീക്ഷയോടെ വാഹന ലോകം

ഇലക്ട്രിക് അവതാരമായി വീണ്ടും ചേതക് എത്തുന്നു; പ്രതീക്ഷയോടെ വാഹന ലോകം

വാഹനപ്രേമികളുടെ ഇഷ്ട വാഹനമായ ചേതക് സ്കൂട്ടറിന്‍റെ ഇലക്ട്രിക് അവതാരവുമായി കമ്പനി വീണ്ടും വരുന്നു. 2019 സെപ്തംബർ 25ന് ബജാജിന്‍റെ ചകൻ പ്ലാന്‍റിലാണ് ചേതക് ഇലക്ര്ടിക് സ്കൂട്ടറിന്‍റെ നിർമാണം ആരംഭിച്ചത്. അതേസമയം, പുതിയ ഇലക്ട്രിക് സ്കൂട്ടറിന്‍റെ പേര് എന്തായിരിക്കുമെന്ന കാര്യത്തിൽ നിരവധി റൂമറുകളും പ്രചരിക്കുന്നുണ്ട്.

ആഭ്യന്തര, അന്താരാഷ്ട്ര വിപണികളിൽ ബജാജ് ചേതക് ഇലക്ട്രിക് സ്കൂട്ടറിന് ധാരാളം വിജയങ്ങൾ ലഭിക്കുമെന്ന് ഉറപ്പുണ്ടെന്ന് ബജാജ് ഓട്ടോയുടെ ഇലക്ട്രിക് സ്കൂട്ടർ ബജാജ് ചേതക്കിനെ പ്രശംസിച്ച കേന്ദ്ര റോഡ്, ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ജര്‍മന്‍ ഇലക്ട്രിക് ആന്‍ഡ് ടെക്‌നോളജി കേന്ദ്രമായ ബോഷുമായി സഹകരിച്ചാണ് ബജാജ് അര്‍ബനൈറ്റ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ വികസിപ്പിച്ചിരിക്കുന്നത്.

ചേതക്, അർബണൈറ്റ്, ചിക് തുടങ്ങി നിരവധി പേരുകളാണ് നിർദ്ദേശത്തിലുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സംവിധാനം ഉള്‍പ്പെടെ ഉന്നത സാങ്കേതിക സംവിധാനങ്ങളോടെ ആയിരിക്കും ബജാജ് ഇ-സ്‌കൂട്ടര്‍ എത്തുകയെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഹാന്‍ഡില്‍ ബാറില്‍ നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, ടു പീസ് സീറ്റുകള്‍, എല്‍ഇഡി ടെയ്ല്‍ ലാമ്പ്, 12 ഇഞ്ച് അലോയി വീലുകള്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍റ് ക്ലെസ്റ്റര്‍, ഉയര്‍ന്ന സ്റ്റോറേജ് എന്നിവയാണ് ഇലക്ട്രിക് ചേതക് ഉറപ്പുല്‍കുന്ന ഫീച്ചറുകള്‍. ഓകിനാവ സ്കൂട്ടറുകൾ, ഹീറോ ഇലക്ട്രിക്, ആതർ എനർജി, ആമ്പിയർ ഇലക്ട്രിക് വെഹിക്കിൾസ്, ട്വന്റി ടു മോട്ടോഴ്‌സ് എന്നിവയ്‌ക്കെതിരെയാണ് ചേതക് സ്‌കൂട്ടർ രംഗപ്രവേശം ചെയ്യുന്നത്.