ബ്രസീല്‍ സൂപ്പര്‍താരം ഗബ്രിയേല്‍ ജീസസിന് വിലക്ക്‌

ബ്രസീല്‍ സൂപ്പര്‍താരം ഗബ്രിയേല്‍ ജീസസിന് വിലക്ക്‌

ബ്രസീലിയന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ ഗബ്രിയേല്‍ ജീസസിന് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിലക്കും പിഴയും. രണ്ട് മാസത്തേക്കാണ് അന്താരാഷ്ട ഫുട്ബോളില്‍ നിന്ന് താരത്തെ വിലക്കിയിരിക്കുന്നത്. ഇതോടൊപ്പം ജീസസ് 30,000 ഡോളര്‍ പിഴയടക്കാനും വിധിച്ചിട്ടുണ്ട്. സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനാണ് താരത്തിനെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. 

ഗബ്രിയേല്‍ ജീസസ് അച്ചടക്ക നടപടിക്ക് വിധേയനായതോടെ സമ്മര്‍ദ്ദത്തിലായിരിക്കുന്നത് ബ്രസീലാണ്. മുന്നേറ്റനിരയില്‍ പ്രധാന താരത്തിന്‍റെ അഭാവം ടീമിന് തലവേദനയാകും. അടുത്ത മാസം നടക്കാനിരിക്കുന്ന മത്സരങ്ങളാണ് ജീസസിന് നഷ്ടമാവുക. കൊളംബിയക്കും പെറുവിനും എതിരെയാണ് സെപ്തംബറിലെ ബ്രസീലിന്‍റെ മത്സരങ്ങള്‍. എന്നാല്‍ അസോസിയേഷന്‍റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കാനാണ് ബ്രസീലിന്‍റെ തീരുമാനം. 


അതേസമയം കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്‍റിനെതിരായ ആരോപണത്തെ തുടര്‍ന്ന് അര്‍ജന്‍റൈന്‍ ക്യാപ്റ്റന്‍ ലയണല്‍ മെസിക്കെതിരെയും അസോസിയേഷന്‍ നേരത്തേ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഒരു മത്സരത്തില്‍ നിന്ന് വിലക്കും 1500 ഡോളര്‍ പിഴയുമാണ് ചുമത്തിയിരിക്കുന്നത്. കോപ്പാ അമേരിക്ക ഫുട്ബോളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച സംഭവത്തിലാണ് മെസിക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. വിലക്ക് ഏര്‍പ്പെടുത്തിയതോടെ 2022ലെ ഖത്തര്‍ ലോകകപ്പിലെ അര്‍ജന്‍റീനയുടെ ആദ്യ യോഗ്യതാ മത്സരത്തില്‍ മെസിക്ക് കളിക്കാനാകില്ല. 

കോപ്പ അമേരിക്ക മത്സരത്തിനിടെ സൗത്ത് അമേരിക്കന്‍ ഫുട്ബോള്‍ അസോസിയേഷനെതിരെ അഴിമതി ആരോപണം അടക്കം ഉന്നയിച്ച വിഷയത്തില്‍ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് ക്ലൗഡിയോ താപിയക്കെതിരെയും നടപടിയെടുത്തിരുന്നു. ഫിഫയുടെ തീരുമാനങ്ങളെടുക്കുന്ന സമിതിയില്‍ നിന്ന് താപിയയെ പുറത്താക്കുകയായിരുന്നു. പകരം പുതിയ അംഗത്തെ ഇനി വോട്ടെടുപ്പിലൂടെ തീരുമാനിക്കും.