ഇരുപതിനടുത്ത് റോള്‍സ് റോയിസുണ്ട് ഈ സര്‍ദാര്‍ജീക്ക്...കാറുകളോരോന്നിനും രത്‌നങ്ങളുടെ നിറം !

ഇരുപതിനടുത്ത്   റോള്‍സ് റോയിസുണ്ട് ഈ സര്‍ദാര്‍ജീക്ക്...കാറുകളോരോന്നിനും രത്‌നങ്ങളുടെ നിറം !

പോയ വര്‍ഷം അമ്പരപ്പിക്കുന്ന ഒരു റോള്‍സ് റോയിസ് കഥ കേട്ടത് ഓര്‍മ്മയുണ്ടോ റൂബെന്‍ സിങ്ങിന്റെ കഥ. തന്റെ തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് അവഹേളിച്ച ബ്രട്ടീഷുകാരന് മറുപടിയായി ആഴ്ചയില്‍ ഏഴ് ദിവസവും തന്റെ തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയിസ് കാറുകളിലെത്തി മധുരപ്രതികാരം വീട്ടിയ  സിക്കുകാരനെ നമ്മള്‍ ആരും അങ്ങനെ മറക്കാനിടയില്ല...

ലണ്ടന്‍ സ്വദേശിയായ ഈ വ്യവസായി ഓരോ ദിവസങ്ങളിലും തന്റെ തലപ്പാവിന്റെ നിറത്തിലുള്ള റോള്‍സ് റോയിസ് കാറുകളിലെത്തുകയും ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
 
നിമിഷങ്ങള്‍ കൊണ്ട് തന്നെ ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. അതുകൊണ്ടെല്ലാം തീര്‍ന്നു എന്ന് കരുതിയെങ്കില്‍ തെറ്റി.പുതിയ ആറ് റോള്‍സ് റോയിസ് കാറുകള്‍ കൂടി വാങ്ങി വീണ്ടും വാര്‍ത്തയില്‍ ഇടം പിടിച്ചിരിക്കുകയാണ് റൂബന്‍ സിംഗ്. 

റൂബെന്റെ റോള്‍സ് റോയിസ് പടയില്‍ പുതുതായി എത്തിയ ആറെണ്ണത്തില്‍ മൂന്ന് റോള്‍സ് റോയിസ് ഫാന്റം കാറുകളും മൂന്ന് കള്ളിനന്‍ എസ്‌യുവികളും ഉള്‍പ്പെടുന്നു.കാറുകളോരോന്നിനും രത്‌നങ്ങളുടെ നിറമായത് കൊണ്ട് രത്‌നങ്ങളുടെ ശേഖരം എന്നാണ് റൂബന്‍ ഇതിനെ വിളിക്കുന്നത്.ഫാന്റത്തിന്റെയും കള്ളിനന്റെയും ഓരോ കാറിനും മരതകം, പവിഴം, ഇന്ദ്രനീലം എന്നീ രത്‌നങ്ങളുടെ നിറമാണ് നല്‍കിയിരിക്കുന്നത്.റോള്‍സ് റോയിസ് സെഡാന്‍ ശ്രേണിയില്‍ ഏറ്റവും വിലയേറിയ അത്യാഢംബര കാറാണ് റോള്‍സ് റോയിസ് ഫാന്റമെങ്കില്‍ കമ്പനിയുടെ ഏക എസ്‌യുവിയാണ് കള്ളിനന്‍.

മരതകം, പവിഴം എന്നിവയുടെ നിറത്തിലുള്ള കാറുകള്‍ വളരെ വേഗം തന്നെ കിട്ടിയപ്പോള്‍ ഇന്ദ്രനീലത്തിന്റെ നിറത്തിലുള്ളവ കിട്ടിയത് അടുത്തിടെയാണ്.സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ഗ്യാരേജിലുള്ള കാറുകളുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ലോകത്തിന് മുമ്പില്‍ പങ്കുവച്ച് കഴിഞ്ഞു.

ബ്രിട്ടീഷ് ബില്‍ഗേറ്റസ് എന്നറിയപ്പെടുന്ന റൂബെന്‍ സിങ്ങ് ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ ഉള്‍പ്പെടുന്ന വ്യവസായ സംരംഭങ്ങളുടെ തലവനാണ്.തന്റെ പതിനേഴാം വയസില്‍ വ്യവസായ രംഗത്തേക്ക് കടന്നുവന്ന റൂബെന്‍ തന്റെ ആദ്യ വ്യവസായ സംരംഭം വെറും ഒരു യൂറോയ്ക്ക് വില്‍ക്കേണ്ടി വന്നതായി പറയുന്നു.

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ടോണി ബ്ലെയറിന്റെ സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ പല പദവികളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്. കടുത്ത വാഹനപ്രേമിയായ സിങ്ങിന്റെ പക്കലുള്ള റോള്‍സ് റോയിസ് കാറുകളുടെ എണ്ണം ഇതോടെ ഇരുപതിനടുത്തായി.റോള്‍സ് റോയിസ് കാറുകള്‍ കൂടാതെ ബുഗാട്ടി വെയ്‌റോണ്‍, പോര്‍ഷ 918 സ്‌പൈഡര്‍, പഗാനി ഹുയാറ, ലംബോര്‍ഗിനി ഹുറാക്കാന്‍, ഫെറാറി F12 ബെര്‍ലിനെറ്റ എന്നീ കാറുകളുടെ ശേഖരവും റൂബന്റെ പക്കലുണ്ട്.