ബിജുമേനോൻ ചിത്രം 'ആദ്യരാത്രി'യുടെ പൂജ കൊച്ചിയിൽ നടന്നു

ബിജുമേനോൻ ചിത്രം 'ആദ്യരാത്രി'യുടെ പൂജ കൊച്ചിയിൽ നടന്നു

സംവിധായകൻ ജിബു ജേക്കബിന്‍റെ മൂന്നാമത്തെ ചിത്രം 'ആദ്യരാത്രി' യുടെ പൂജ ചടങ്ങുകള്‍ ഇന്ന് നവോദയ സ്റ്റുഡിയോയിൽ വെച്ച് നടന്നു. ബിജു മേനോനും അനശ്വര രാജനുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. നവോദയ മാസ്സ് എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ മാനേജിങ് ഡയറക്ടര്‍ ജിജോ പുന്നൂസ് ഭദ്രദീപം തെളിയിച്ചു. സിനിമാമേഖലയിലെ നിരവധിപേര്‍ ചടങ്ങിന്‍റെ ഭാഗമായി. 

ഹാസ്യവും രാഷ്ട്രീയവും സമം ചേര്‍ത്ത് വിളമ്പിയ 'വെള്ളിമൂങ്ങ'യെ മലയാളികള്‍ ഇരുകൈയും നീട്ടി ഏറ്റെടുത്തിരുന്നു. ശേഷം മോഹൻലാലിനെ നായകനാക്കി ജിബു ഒരുക്കിയ 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍' എന്ന ചിത്രവും ഹിറ്റ് ചാര്‍ട്ടിൽ ഇടം നേടിയിരുന്നു. 'വെള്ളിമൂങ്ങ'യ്ക്ക് ശേഷം താനും ജിബു ജേക്കബും വീണ്ടുമൊന്നിക്കുന്ന കാര്യം ബിജു മേനോന്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 

സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് 'ആദ്യരാത്രി' എന്നുപേരിട്ട ചിത്രം നിര്‍മ്മിക്കുന്നത്. 'ക്യൂനി'ന്‍റെ തിരക്കഥ രചിച്ച ഹാരിസും ജെബിനും ഒരുക്കിയ തിരക്കഥയിലാണ് ബിജു മേനോന്‍റെ 'ആദ്യ രാത്രി' ഒരുങ്ങുന്നത്. ബിജിബാല്‍ സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ശ്രീജിത്ത് നായര്‍ ചായാഗ്രഹണം നിര്‍വ്വഹിക്കും.