ആയുഷ്മാന്‍ ഭാരത് : ഗുണഭോക്താക്കള്‍ക്ക് ചികിത്സ സൗജന്യമാക്കി കേന്ദ്രസര്‍ക്കാര്‍

ആയുഷ്മാന്‍ ഭാരത് : ഗുണഭോക്താക്കള്‍ക്ക്  ചികിത്സ സൗജന്യമാക്കി കേന്ദ്രസര്‍ക്കാര്‍

ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരമുള്ള ഗുണഭോക്താക്കള്‍ക്ക് ചികിത്സ സൗജന്യമാക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് പരിശോധനയും ഇതോടനുബന്ധിച്ചുള്ള ചികിത്സയുമാണ് സൗജന്യമാക്കിയത്. 50 കോടിയിലധികം ആയുഷ്മാന്‍ ഭാരത് ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇവര്‍ക്ക് ഇപ്പോള്‍ത്തന്നെ ഈ പരിശോധനയും ചികിത്സയും സൗജന്യമാണ്.

ഇനി എംപാനല്‍ ചെയ്ത സ്വകാര്യ ലാബുകളിലും സ്വകാര്യ ആശുപത്രികളിലും കൂടി ഇവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കും. കോവിഡിന്റെ പരിശോധനയും ചികിത്സയും നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്. പാവപ്പെട്ടവരും ദുര്‍ബലരുമായി കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് അഥവാ നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കീം. പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയുടെ കവറേജാണ് ഇതിലൂടെ ലഭിക്കുന്നത്. പദ്ധതിയുടെ നേട്ടം ഉപഭോക്താക്കള്‍ക്ക് രാജ്യത്ത് എവിടെ നിന്നും ലഭ്യമാകുന്നതാണ്.

പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള രാജ്യത്തെ ഏത് പൊതുസ്വകാര്യ ആശുപത്രികളില്‍ നിന്നും പണമില്ലാതെ ചികിത്സ നേടാം. ആശുപത്രിയില്‍ അഡ്മിറ്റാകുന്നതിനു മുമ്ബും ശേഷവുമുള്ള ചെലവുകളെല്ലാം കവറേജില്‍ ഉള്‍പ്പെടും.