അജിത്തിൻ്റെ 'നേർക്കൊണ്ട പാർവൈ': ട്രെയിലര്‍

തമിഴകത്തിൻ്റെ തല അജിത്ത് നായകനാകുന്ന അൻപത്തിയൊമ്പതാം ചിത്രം 'നേർക്കൊണ്ട പാർവൈ'യുടെ ട്രെയിലര്‍ പോസ്റ്റര്‍ പുറത്ത് വിട്ടു. ബോളിവുഡ് ചിത്രമായ പിങ്കിൻ്റെ തമിഴ് പതിപ്പാണ് നേര്‍ക്കൊണ്ട പാര്‍വൈ. അമിതാബ് ബച്ചൻ, തപ്‌സി പന്നു എന്നിവരായിരുന്നു പിങ്കിലെ മുഖ്യ കഥാപാത്രങ്ങളായി എത്തിയിരുന്നത്. കാർത്തിയെ നായകനാക്കി തീരൻ അധികാരം ഒൻഡ്രു എന്ന ചിത്രം സംവിധാനം ചെയ്‌തെ എച് വിനോദ് ആണ് ഈ ചിത്രം ഒരുക്കുന്നത്. ബേ വ്യൂ പ്രോജെക്ടസിൻ്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവും അന്തരിച്ച നടി ശ്രീദേവിയുടെ ഭർത്താവുമായ ബോണി കപൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ ഒരു അഭിഭാഷകൻ്റെ വേഷത്തിലാണ് തല അജിത്ത് എത്തുന്നത്. ശ്രദ്ധ ശ്രീനാഥാണ് തപ്സി പന്നു അവതരിപ്പിച്ച കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്. 

അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയൻഗ്, ആദിക് രവിചന്ദ്രൻ, അർജുൻ ചിദംബരം, അശ്വിൻ റാവു, സുജിത്ത് ശങ്കർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രം ഓഗസ്റ്റ്‌ 10ന് തീയേറ്ററുകളിലെത്തും. നീരവ് ഷായാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. യുവൻ ശങ്കര്‍ രാജയാണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ ചിത്രസംയോജനം ഒരുക്കുന്നത് ഗോകുൽ ചന്ദ്രൻ ആണ്. 

ബോളിവുഡ് ചിത്രമായ പിങ്ക് ഏറെ നിരൂപക പ്രേക്ഷക പ്രശംസ നേടിയ ചിത്രം കൂടിയാണ്. ശിവ സംവിധാനം ചെയ്ത വിശ്വാസം ആയിരുന്നു അജിത്തിൻ്റേതായി മുൻപ് പുറത്തിറങ്ങിയ ചിത്രം.