മോദിക്കു പിന്നാലെ ബെയര്‍ ഗ്രില്‍സിനൊപ്പം സാഹസികതയ്ക്ക് സൂപ്പര്‍സ്റ്റാര്‍

മോദിക്കു പിന്നാലെ ബെയര്‍ ഗ്രില്‍സിനൊപ്പം സാഹസികതയ്ക്ക് സൂപ്പര്‍സ്റ്റാര്‍

ഡിസ്‌കവറി ചാനലിന്റെ ലോകപ്രശസ്തമായ പരിപാടിയായ മാന്‍ വെഴ്‌സസ് വൈല്‍ഡില്‍ പങ്കെടുക്കാന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്. ലോകപ്രശസ്ത സാഹസികന്‍ ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. പരിപാടിയുടെ അടുത്ത എപ്പിസോഡ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ഫോറസ്റ്റിലാണ് ചിത്രീകരിക്കുന്നത്. ഈ എപ്പിസോഡിലാണ് സ്‌റ്റൈല്‍ മന്നന്‍ പങ്കെടുക്കുക. ചിത്രീകരണത്തിനിടെ രജനീകാന്തിന് ചെറിയ പരിക്കേറ്റതായും വാര്‍ത്തകളുണ്ട്.

 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12ന് ത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് ദേശീയ ഉദ്യാനത്തില്‍ വെച്ച് ചിത്രീകരിച്ച എപ്പിസോഡിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നത്.വന്യജീവി സംരക്ഷണത്തിനെയും കാലാവസ്ഥ വ്യതിയാനത്തെയും കുറിച്ച് അവബോധം ഉണ്ടാക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി പരിപാടിയില്‍ പങ്കെടുത്തത്. മാന്‍ വെഴ്‌സസ് വൈല്‍ഡ് വിത്ത് പിഎം മോദി എന്ന പേരിലുള്ള പരിപാടി റേറ്റിംഗില്‍ വളരെ മുന്നിലായിരുന്നു.ഇന്ത്യയിലെ വനത്തില്‍ അതിജീവിക്കാന്‍ മോദിയെ ബിയെര്‍ ഗ്രില്‍സ് പ്രാപ്തനാക്കുന്നതാണ് എപ്പിസോഡിന്റെ ഉള്ളടക്കം. ഈ പരിപാടിയുടെ ഫോര്‍മാറ്റും ഇത് തന്നെയാണ്. കാട്ടില്‍ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക, ആയുധങ്ങള്‍ ഉണ്ടാക്കുക, നദിയില്‍ യാത്ര ചെയ്യുക എന്നിങ്ങനെ സര്‍വൈവല്‍ തന്ത്രങ്ങള്‍ ഗ്രില്‍സ് മോദിയെ പഠിപ്പിക്കുന്നതടക്കം വിപുലമായ രംഗങ്ങളുമായി പ്രേക്ഷക ശ്രദ്ധനേടിയിരുന്നു ഈ പരിപാടി

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ഹോളിവുഡ് നടിമാരായ ജൂലിയ റോബര്‍ട്ട്സ്, കെയ്റ്റ് വിന്‍സ്ലെറ്റ്, ടെന്നിസ് താരം റോജര്‍ ഫെഡറര്‍, തുടങ്ങിയ പ്രമുഖരും നേരത്തെ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. ഡിസ്‌കവറിയുടെ വിവിധ ചാനലുകള്‍ വഴി 180ഓളം രാജ്യങ്ങളിലാണ് പരിപാടി സംപ്രേഷണം ചെയ്യപ്പെടുക. ഇന്ത്യയില്‍ ഡിസ്‌കവറിയുടെ അഞ്ച് പ്രാദേശിക ചാനലുകളില്‍ പരിപാടി കാണാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത മാന്‍ വെഴ്സസ് വൈല്‍ഡ് എപ്പിസോഡ് ചരിത്രത്തിലെ ഏറ്റവും വലിയ റേറ്റിങാണ് നേടിയത്. എന്നാല്‍ പരിപാടിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. പുല്‍വാമ ഭീകരാക്രമണം നടന്ന ദിവസത്തിലാണ് പരിപാടിയുടെ ഷൂട്ട് നടന്നതെന്ന ഗുരുതരമായ ആരോപണവും പരിപാടിക്കെതിരെ ഉയര്‍ന്നിരുന്നു.


ബെയര്‍ ഗ്രില്‍സ് ഡിസ്‌കവറി ചാനലില്‍ അവതരിപ്പിക്കുന്ന സാഹസിക പരിപാടിയിയാണ് മാന്‍ വെഴ്‌സസ് വൈല്‍ഡ് .ബ്രിട്ടീഷ് ടെലിവിഷന്‍ നിര്‍മ്മാണ കമ്പനിയായ ഡൈവേഴ്സ് ബ്രിസ്റ്റലാണ് സീരീസ് നിര്‍മ്മിച്ചത്.ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഒരു മനുഷ്യന്‍ നടത്തുന്ന യാത്രകളാണ് മാന്‍ വെഴ്സസ് വൈല്‍ഡില്‍ അവതരിപ്പിക്കുന്നത്.2006 നവംബര്‍ 10നാണ് ഈ പരുപാടി ആദ്യമായി പ്രക്ഷേപണം ചെയ്തത്. അന്ന് തൊട്ടു നിലവില്‍ വരെ വളരെ മികച്ച പ്രേക്ഷക പിന്തുണയാണ് ഈ പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.