ലോകകപ്പ് ഇന്ത്യയിലെത്തിക്കാന്‍ റഹ്മാനും ഷാറൂഖിനുമൊപ്പം ലേഡി സൂപ്പര്‍സ്റ്റാറും

 ഹോക്കി ലോകകപ്പിന്റെ ഔദ്യോഗിക ഗാനത്തിന് ആരാധകര്‍ക്കിടയില്‍ വന്‍ വരവേല്‍പ്പ്. എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ ഹോക്കി സിഗ്നേച്ചര്‍ മ്യൂസിക് വീഡിയോ ജയ് ഹിന്ദ് ഇന്ത്യ'യില്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖും തന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും എത്തുന്നുണ്ട്. യുവ തലമുറയെ സ്പോര്‍ട്സ് 

മേഖലയിലേക്ക് ആകര്‍ഷിക്കുകയും അവരില്‍ നേതൃപാഠവം വളര്‍ത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പാണ് ലോകകപ്പ് ഹോക്കി മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് ശക്തി പകരുന്ന ഈ മ്യൂസിക് വീഡിയോ.

 ആധുനികതയിലേക്കു കടക്കുമ്പോഴും പ്രാചീന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച്, മനുഷ്യത്വം ചേര്‍ത്ത് പിടിച്ച്, ആധ്യാത്മിക സമത്വത്തോടെ വാഴുന്ന ദേശമാണ് വീഡിയോയില്‍ ആശയമായി കൈക്കൊണ്ടിരിക്കുന്നത്.


എ.ആര്‍. റഹ്മാന്റെ ഈണത്തിനു വരികള്‍ ചിട്ടപ്പെടുത്തിയത് ഗുല്‍സാര്‍ ആണ്. ഷാരൂഖിനും, നയന്‍താരക്കും പുറമെ, ശിവമണി, നീതി മോഹന്‍, ശ്വേതാ മോഹന്‍, സാഷ തിരുപ്പതി, ശ്വേതാ പണ്ഡിറ്റ്, ഹര്‍ഷദീപ് എന്നിവരും ദേശീയ ഹോക്കി ലോക കപ്പ് കളിക്കാരും അണി ചേരുന്നു. രവി വര്‍മാനാണ് ഛായാഗ്രാഹണം. സംവിധാനം, എഡിറ്റിംഗ്, നിര്‍വഹണം എന്നിവ ബി.ടോസ് പ്രൊഡക്ഷന്‍സാണ്.

ഡിസംബര്‍ ആറിന് എ.ആര്‍ റഹ്മാന്‍ ഔദ്യോഗികമായി തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ജയ് ഹിന്ദ് ഇന്ത്യ എന്ന ഈ ഗാനം 8.6 മില്യണോളം കാഴ്ചക്കാരെ സ്മ്പാദിച്ച് മുന്നേറുകയാണ്.വെറും നാലരമിനുട്ടാണ് ദൈര്‍ഘ്യം. ലോകകപ്പില്‍ വിജയക്കൊടി പാറിക്കാനും പഴയ പ്രൗഢിയോടെ ലോകകപ്പ് ഇന്ത്യയിലെത്തിക്കാനും റഹ്മാന്റെ ഈ കിടിലന്‍ പാട്ട് പ്രചോദനമാകുമെന്ന പ്രത്യാശയിലാണ് ആരാധകര്‍.