ജയിംസ് ബോണ്ട് നായികക്ക് കൊവിഡ്-19

ജയിംസ് ബോണ്ട് നായികക്ക് കൊവിഡ്-19

ജയിംസ് ബോണ്ട് ചിത്രത്തിലെ നായികക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഒള്‍ കുര്യലെന്‍കൊ എന്ന നടിക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

2008 ലെ ജയിംസ് ബോണ്ട് സീരീസിലെ ക്വോണ്ടം ഓഫ് സൊലാസ് എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്.


‘കൊറോണ വൈറസ് പോസിറ്റീവായതിനെ തുടര്‍ന്ന് മുറിയില്‍ അടച്ചിരിക്കുകയാണ്. ഒരാഴ്ചയായി എനിക്ക് സുഖമില്ലായിരുന്നു. പനിയും ക്ഷീണവുമായിരുന്നു രോഗ ലക്ഷണങ്ങള്‍. നിങ്ങളെ ശ്രദ്ധിക്കുക. സ്ഥിതിഗതികളെ ഗൗരവമായി കാണുക,’ നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


ലോകത്തിന്റെ പല ഭാഗത്തുനിന്നുമുള്ള കൊവിഡ് ബാധിതരില്‍ സിനിമാമേഖലയില്‍ നിന്നുള്ളവരും ഉള്‍പ്പെടും. നേരത്തേ ഹോളിവുഡ് സൂപ്പര്‍താരം ടോം ഹാങ്ക്‌സിനും ഭാര്യ റിത വില്‍സണും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. യൂണിവേഴ്‌സല്‍ മ്യൂസിക് ചെയര്‍മാന്‍ ലൂസിയന്‍ ഗ്രെയിന്‍ജ് ആണ് കൊവിഡ് 19 ചികിത്സയിലുള്ള മറ്റൊരാള്‍.


യൂറോപ്പിലാണ് കൊവിഡ്-19 നിലവില്‍ രൂക്ഷമായി പടര്‍ന്നു പിടിക്കുന്നത്. ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളിലാണ് കൊവിഡ് രൂക്ഷമായി തുടരുന്നത്. ചൈന, ഇറ്റലി, ഇറാന്‍, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് സ്പെയിനിലാണ്.