ചൈനയുടെ കണ്ടുപിടിത്തങ്ങളിൽ ഇത് നാഴികക്കല്ല് ; രണ്ടാമത്തെ വാക്‌സിൻ സിനോവാക്‌നും ലോകാരോഗ്യ സംഘടനയുടെ അനുമതി

രണ്ടു നാല് ആഴ്ച വരെ ഇടവേളയിലാണ് വാക്‌സിൻ നൽകേണ്ടത്.
 | 
SINOVAC

ജനീവ: ചൈനയുടെ രണ്ടാമത്തെ വാക്‌സിനായ സിനോവാകിനും ലോകാരോഗ്യ സംഘടന ആഗോള ഉപയോഗത്തിന് അംഗീകാരം നൽകി. 18 വയസ്സിന് മുകളിലുള്ളവർക്ക് രണ്ട് ഡോസ് വീതമാണ് സിനോവാക് വാക്‌സിൻ നൽകേണ്ടത്. രണ്ടു നാല് ആഴ്ച വരെ ഇടവേളയിലാണ് വാക്‌സിൻ നൽകേണ്ടത്.

ദരിദ്ര രാജ്യങ്ങൾക്ക് വാക്‌സിന് ലഭ്യമാക്കുന്ന കൊവാക്‌സ് എന്ന പദ്ധതിയിലും സിനോവാക് ഉൾപ്പെടും. നേരത്തെ ചൈനയുടെ സർക്കാർ ഉടമസ്ഥതയിലുള്ള വാക്‌സിനായ സിനോഫാമിന് അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നു.

കാൻസിനോ ബയോളജിക് നിർമിച്ച ചൈനയുടെ മൂന്നാമത്തെ വാക്‌സിന്റെ പരീക്ഷണ ഡാറ്റകൾ ലോകാരോഗ്യ സംഘടനയ്ക്ക് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് അവലോകനത്തിനായി ലോകാരോഗ്യ സംഘടന ഷെഡ്യൂൾ ചെയ്തിട്ടില്ല. ഇന്ത്യൻ വാക്‌സിനായ കോവാക്‌സിനും ഇതുവരെ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടില്ല.

സുരക്ഷാപരമായ കാരണങ്ങൾ ഉന്നയിച്ചാണ് ലോകാരോഗ്യ സംഘടന കൊവാക്‌സിന് അനുമതി നൽകാത്തത്. അതേസമയം ലോകാരോഗ്യ സംഘടനയുടെ അനുമതി ജുലൈയിലോ സെപ്റ്റംബറിലോ ലഭിക്കുമെന്നാണ് കരുതുന്നതെന്നാണ് നിർമ്മാതാക്കളായ ഭാരത് ബയോടെക് പറയുന്നത്.