ഇന്ത്യയെ വിലക്കി അമേരിക്കയും ;മെയ് നാലു മുതല്‍  പ്രവേശന വിലക്ക് പ്രാബല്യത്തില്‍

അമേരിക്കന്‍ പൗരന്‍മാര്‍ക്കും യുഎസിലെ സ്ഥിര താമസക്കാര്‍ക്കും വിലക്ക് ബാധകമല്ല
 | 
ഇന്ത്യയെ വിലക്കി അമേരിക്കയും ;മെയ് നാലു മുതല്‍ പ്രവേശന വിലക്ക് പ്രാബല്യത്തില്‍

വാഷിങ്ടണ്‍: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അമേരിക്കയിലും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. മെയ് നാലു മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കൂടുന്നതും കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങള്‍ രാജ്യത്ത് കണ്ടെത്തിയതുമാണ് പ്രവേശന വിലക്കിനു കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്റെ ഉപദേശപ്രകാരമാണ് നടപടി.

അമേരിക്കന്‍ പൗരന്‍മാര്‍ക്കും യുഎസിലെ സ്ഥിര താമസക്കാര്‍ക്കും വിലക്ക് ബാധകമല്ല. ആരോഗ്യ പ്രവര്‍ത്തകരെയും വിലക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്ക് സഹായം നല്‍കുന്നതിന് തടസമില്ലെന്നും യുഎസ് വ്യക്തമാക്കി. ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്നും ആരെങ്കിലും രാജ്യത്ത് ഉണ്ടെങ്കില്‍ തിരികെ വരണമെന്നും അമേരിക്ക നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

ഇന്ത്യയ്ക്കു പുറമെ ദക്ഷിണാഫ്രിക്ക, ബ്രസീല്‍, യുകെ, അയര്‍ലന്‍ഡ്, ചൈന, ഇറാന്‍ തുടങ്ങി കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുള്ള മറ്റു ചില രാജ്യങ്ങള്‍ക്കും യുഎസ് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പല വിദേശ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.