ഇന്ത്യയുടെ അവസ്ഥ കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു;ലോകരാജ്യങ്ങള്‍ സഹായിക്കണമെന്ന് ഗ്രെറ്റ തന്‍ബര്‍ഗ്

ഇന്ത്യയില്‍ പുതുതായി 3.46 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
 | 
ഇന്ത്യയുടെ അവസ്ഥ കാണുമ്പോൾ ഹൃദയം നുറുങ്ങുന്നു;ലോകരാജ്യങ്ങള്‍ സഹായിക്കണമെന്ന് ഗ്രെറ്റ തന്‍ബര്‍ഗ്

സ്റ്റോക്ക്‌ഹോം: കോവിഡിന്റെ രണ്ടാം വരവ് ഇന്ത്യയില്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തിനു വേണ്ടി സഹായം അഭ്യര്‍ഥിച്ച് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ്. അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് ആവശ്യമായ സഹായം നല്‍കണമെന്നാണ് ഗ്രെറ്റ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യയിലെ ഇപ്പോഴത്തെ അവസ്ഥ കാണുമ്പോള്‍ ഹൃദയം തകരുകയാണ്. അവര്‍ക്ക് എത്രയും വേഗം ആവശ്യമായ സഹായം നല്‍കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണം. ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ വിവിധ ആശുപത്രികള്‍ നേരിടുന്ന ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ചുള്ള വിദേശ വാര്‍ത്ത റീട്വീറ്റ് ചെയ്തുകൊണ്ടാണ് ഗ്രെറ്റ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുന്നത്.


 

നേരത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ തന്‍ബര്‍ഗ് എത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ഗ്രെറ്റയ്‌ക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ത്തിയിരുന്നു. ദല്‍ഹി പൊലീസ് ഇവര്‍ക്കെതിരെ കേസെടുക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ലോകം മുന്നോട്ടുവരണമെന്ന ആഹ്വാനവുമായിട്ടാണ് ഗ്രെറ്റ വീണ്ടുമെത്തിയിരിക്കുന്നത്.