പക്ഷിപ്പനിയുടെ H10N3 വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു ; ലോകത്ത് ആദ്യം 

 | 
Bird flu

ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ ചൈനയില്‍ കാണപ്പെടുന്നുണ്ട്. ഇവയില്‍ ചിലത് അപൂര്‍വമായി മനുഷ്യരെ ബാധിക്കാറുമുണ്ട്.

പോള്‍ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലാണ് സാധാരണയായി വൈറസ് ബാധ കാണാറുള്ളത്.കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍(എന്‍.എച്ച്.സി.) അറിയിച്ചു.

പനിയെയും മറ്റ് ലക്ഷണങ്ങളെയും തുടര്‍ന്ന് ഏപ്രില്‍ 28-നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മേയ് 28-നാണ് H10N3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്.


രോഗിയുടെ നിലയില്‍ ആശങ്കയില്ലെന്നും ആശുപത്രിയില്‍നിന്ന് വിട്ടയക്കാറായെന്നും അധികൃതര്‍ അറിയിച്ചു. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കമുള്ളവരെ നിരീക്ഷിച്ചെങ്കിലും ആരിലും രോഗബാധ കണ്ടെത്താനായിട്ടില്ല.


പക്ഷിപ്പനിയുടെ H7N9 വകഭേദം കാരണം 2016-17 കാലത്ത് മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ അതിനു ശേഷം വലിയ അളവില്‍ മനുഷ്യരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല.ഇതിനു മുന്‍പ് ലോകത്ത് ഒരിടത്തും H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും എന്‍.എച്ച്.സി. വ്യക്തമാക്കി.