വധ ശിക്ഷ വിധിച്ച യുവാവിന്  യൂസഫലി നൽകിയത് രണ്ടാം ജന്മം

2012 സെപ്തംബർ 7നാണ് അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്.
 | 
Bex
 കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പറഞ്ഞ് അവരെ ബോദ്ധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സർവ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി നൽകിയത് രണ്ടാം ജന്മം. വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വച്ച് യുവാവ് ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു മാളയ്ക്കടുത്ത് പുത്തൻചിറ ചെറിട്ട ബെക്‌സ് കൃഷ്ണനെ (45) വധശിക്ഷക്ക് വിധിച്ചത്. ഈ വധശിക്ഷയാണ് യൂസഫലിയുടെ ഇടപെടലിൽ ഒഴിവായത്.

അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി (ബ്ലഡ് മണി) 5 ലക്ഷം ദിർഹം (ഒരു കോടി രൂപ നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാദ്ധ്യമായത്. 2012 സെപ്തംബർ 7നാണ് അബുദാബിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ബെക്‌സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്.

ജോലി സംബന്ധമായി മുസഫയിലേക്ക് പോകവേ സംഭവിച്ച കാർ അപകടത്തിൽ സുഡാൻ പൗരനായ കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്‌സ് കൃഷ്ണനെതിരായി കുറ്റപത്രം സമർപ്പിച്ചു. സി.സി.ടി.വി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാർ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞത്.

മാസങ്ങൾ നീണ്ട വിചാരണകൾക്ക് ശേഷം യു.എ.ഇ സുപ്രീം കോടതി 2013ൽ ബെക്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അബുദാബി അൽ വത്ബ് ജയിലിൽ കഴിഞ്ഞിരുന്ന ബെക്‌സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമം ഒന്നും ഫലം കാണാതെ സർവ പ്രതീക്ഷകളും തകർന്ന സമയത്താണ് ബന്ധു സേതു വഴി എം.എ. യൂസഫലിയോട് മോചനത്തിനായി ഇടപെടാൻ കുടുംബം അഭ്യർത്ഥിച്ചത്.

കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബവുമായി യൂസഫലി നിരവധി തവണ ചർച്ചകൾ നടത്തുകയും കാര്യങ്ങൾ പറഞ്ഞ് അവരെ ബോദ്ധ്യപ്പെടുത്താനായതുമാണ് മോചനത്തിലേക്കുള്ള വഴി തെളിഞ്ഞത്. ഒരവസരത്തിൽ ഇതിനായി സുഡാനിൽ നിന്ന് കുടുംബാംഗങ്ങളെ അബുദാബിയിൽ കൊണ്ട് വന്ന് താമസിപ്പിക്കുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.